ചെന്നൈ: നഗരത്തിലെ ആദ്യ ദലിത് വനിതാ മേയറായി ആര്‍. പ്രിയ. ജനുവരിയില്‍ നടന്ന നഗരസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ സ്ഥാനാര്‍ഥിയായ പട്ടികജാതിയില്‍പ്പെട്ട പ്രിയ മത്സരിച്ചത്. ചെന്നൈയിലെ മൂന്നാമത്തെ വനിതാ മേയറാണ് ആര്‍. പ്രിയ. താരാ ചെറിയാന്‍, കാമാക്ഷി ജയരാമന്‍ എന്നിവരായിരുന്നു മുന്‍പ് ചെന്നൈ നഗരസഭാ അധ്യക്ഷമാരായവര്‍. ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ കൗണ്‍സിലര്‍മാരില്‍ ഒരാളായിരുന്നു പ്രിയ. നഗരസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിഭാഗം സീറ്റുകളും സ്വന്തമാക്കിയത് ഡിഎംകെയാണ്.
മംഗളാപുരം 74-ാം വാര്‍ഡിലെ കൗണ്‍ലിറായിരുന്നു പ്രിയ. മാറിമാറി വരുന്ന ഭരണകൂടങ്ങളുടെ അവഗണനകള്‍ നേരിടേണ്ടി വന്ന വടക്കന്‍ ചെന്നൈയിലെ പ്രദേശത്തു നിന്നാണ് പ്രിയ വരുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുള്ള പ്രദേശങ്ങളാണ് വടക്കന്‍ ചെന്നൈയില്‍ ഉള്ളത്. കുടിവെള്ളത്തിന്റെയും വൈദ്യുതിയുടെയും അപര്യാപ്തതയുണ്ട്. അതുകൊണ്ടു തന്നെ ഈ മേഖലയില്‍ നിന്നുള്ള ഒരു മേയര്‍ എന്നത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
പതിനെട്ടാമത്തെ വയസ്സിലാണ് പ്രിയ ഡിഎംകെയുടെ ഭാഗമാകുന്നത്. രാഷ്ട്രീയത്തിലെ തന്റെ താത്പര്യം വീണ്ടും അധികാരത്തില്‍ എത്തിയപ്പോള്‍ തന്നെ ഡിഎംകെയെ പ്രിയ അറിയിച്ചതാണ്. ‘പുതിയ മാറ്റത്തിന് മുഖ്യമന്ത്രി ശ്രമിക്കുന്നത് ഞാന്‍ കണ്ടു. ഞാനും ആ മാറ്റത്തിന്റെ ഭാഗമാണ്. നിരവധി പ്രശ്‌നങ്ങള്‍ ഇവിടുത്തെ ജനങ്ങള്‍ നേരിടുന്നുണ്ട്. മിക്കപ്പോഴും ഒന്നിടവിട്ട ദിവസങ്ങളിലാണ് കുടിവെള്ളം ലഭിക്കുന്നത്.
റോഡുകളുടെ ശോചനീയാവസ്ഥയും പരിഹരിക്കണം. വൈദ്യുതിയും മുടങ്ങിക്കിടക്കുന്നു. അതിന് പരിഹാരം കണ്ടെത്തണം. ഈ പ്രദേശത്തെ സഹായിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ഇതാണ്’- പ്രിയ വ്യക്തമാക്കി. പ്രിയ മേയറാകുന്നതോടെ തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.