ധാക്ക: ഭീഷണിപ്പെടുത്തി പണംതട്ടിയെടുക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ബംഗ്ലാദേശിൽ ഹിന്ദുയുവാവിനെ ഗ്രാമവാസികൾ ചേർന്ന് മർദിച്ച് കൊലപ്പെടുത്തി. രാജ്ബരി ജില്ലയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. അമൃത് മൊണ്ടൽ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവം നടന്ന അതേ ഗ്രാമത്തിലെ താമസക്കാരനായിരുന്നു അമൃതും. പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബംഗ്ലാദേശ് മാധ്യമമായ ദ ഡെയ്‌ലി സ്റ്റാർ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കുറച്ചുദിവസങ്ങൾക്ക് മുൻപ്, മൈമെൻസിങ്ങിലെ ഭലൂകയിൽ തുണി നിർമാണശാല ജീവനക്കാരനായ ദിപു ചന്ദ്രദാസ് എന്ന യുവാവിനെ മതനിന്ദ ആരോപിച്ച് ആൾക്കൂട്ടം കൊലപ്പെടുത്തിയിരുന്നു.
ബുധനാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് അമൃതിനെ പ്രദേശവാസികൾ ചേർന്ന് മർദിച്ചത്. വിവരം ലഭിച്ചതിന് പിന്നാലെ പോലീസ് സ്ഥലത്തെത്തുകയും ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ അമൃതിനെ പാങ്ഷ ഉപ്‌സിലാ ഹെൽത്ത് കോംപ്ലക്‌സിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ, വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെ അമൃത് മരിച്ചു. അമൃതിന്റെ കൂട്ടാളികളിലൊരാളായ മുഹമ്മദ് സെലിം എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തതായും അയാളുടെ പക്കൽനിന്ന് രണ്ട് തോക്കുകൾ പിടിച്ചെടുത്തതായും വിവരമുണ്ട്. ഇതിലൊന്ന് പിസ്റ്റളും മറ്റൊന്ന് നാടൻതോക്കുമാണ്.
അമൃതിനെതിരേ ചുരുങ്ങിയത് ഒരു കൊലപാതക കേസ് ഉൾപ്പെടെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതായി പോലീസ് പറഞ്ഞു. ഭീഷണിപ്പെടുത്തി പണം തട്ടുകയും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്ന ഒരു സംഘത്തെ അമൃത് നയിച്ചിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞതായി പോലീസ് പറഞ്ഞു. ഈയടുത്ത് ബംഗ്ലാദേശിലേക്ക് മടങ്ങിവരുന്നതിന് മുൻപ് ഇയാൾ ഇന്ത്യയിൽ ഒളിവിൽ കഴിഞ്ഞിരുന്നതായും ഗ്രാമവാസികൾ ആരോപിച്ചു.
ഗ്രാമത്തിലെ തന്നെ താമസക്കാരനായ ഷഹീദുൽ ഇസ്‌ലാം എന്നായാളോട് അമൃത് പണം ആവശ്യപ്പെട്ടിരുന്നുവെന്നാണ് വിവരം. ബുധനാഴ്ച രാത്രി, അമൃതും സംഘവും ഷഹീദുലിന്റെ വീട്ടിലെത്തി. ആ സമയത്ത് വീട്ടുകാർ കള്ളന്മാർ എന്ന് ആർത്തുവിളിക്കുകയും ഗ്രാമവാസികൾ ഓടിക്കൂടുകയും അമൃതിനെ മർദിക്കുകയുമായിരുന്നു. അമൃതിന്റെ കൂട്ടാളികൾ ഓടിരക്ഷപ്പെട്ടു.


