യുപിയിൽ ക്ഷേത്രത്തിന് മുകളിലാണ് നിർമിതിയെന്നാരോപിച്ച് ശവകുടീരം തകർത്തു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഫത്തേപുരില്‍ ക്ഷേത്രത്തിന് മുകളിലാണ് നിര്‍മിതിയെന്നാരോപിച്ച് ഹിന്ദുസംഘടനകള്‍ ശവകുടീരം ആക്രമിച്ചു. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി ജില്ലാ ഭരണകൂടം പ്രദേശത്തിന് ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും വന്‍ പോലീസ് സന്നാഹത്തെ വിന്യസിക്കുകയും ചെയ്തു. മുഗള്‍ ഭരണകാലത്ത് ആഗ്ര- ഔധ് പ്രവിശ്യയുടെ ഭാഗമായിരുന്ന ഛതരി, താലിബ്‌നഗര്‍ എന്നിവയുടെ നവാബായിരുന്ന അബ്ദുസ് സമദിന്റെ ശവകുടീരമായാണ് രേഖകളില്‍ ഈ നിര്‍മിതി.

സദര്‍ താലൂക്കിലെ അബുനഗറിലെ നിര്‍മ്മിതിയെച്ചൊല്ലിയാണ് വിവാദം. സര്‍ക്കാര്‍ രേഖകളില്‍ ഖസ്ര നമ്പര്‍ 753 എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഈ നിര്‍മിതി ദേശീയ സ്വത്ത് എന്നാണ് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണെന്ന് ആരോപിച്ച് മഠ് മന്ദിര്‍ സംരക്ഷണ സംഘര്‍ഷ് സമിതി, ബിജെപി മറ്റ് ഹിന്ദു സംഘടനകളിലെ അംഗങ്ങള്‍ എന്നിവര്‍ രംഗത്തെത്തിയതോടെയാണ് സംഘര്‍ഷത്തിന് വഴി തുറന്നത്.

കാവി പതാകകളേന്തി ഒരു കൂട്ടം ആളുകള്‍ ശവകുടീരത്തിന് ചുറ്റും ‘ജയ് ശ്രീറാം’ വിളിക്കുന്നതിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇവരിവല്‍ ചിലര്‍ കെട്ടിടത്തിനുള്ളില്‍ കടക്കുകയും ചില നിര്‍മിതികള്‍ തകര്‍ക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല ഇവിടെ പൂജയും ആരാധനയും തുടങ്ങാനുള്ള ശ്രമവും നടത്തി.

നവാബ് അബ്ദുസ് സമദിന്റെ ശവകുടീരമല്ലെന്നും അത് മാറ്റം വരുത്തിയ ക്ഷേത്രമാണെന്നും താമരപ്പൂക്കള്‍, ത്രിശൂലം തുടങ്ങിയ വ്യക്തമായ അടയാളങ്ങള്‍ അവിടെയുണ്ടെന്നും ബിജെപി ജില്ലാ പ്രസിഡന്റ് മുഖ്ലാല്‍ പാല്‍ ആരോപിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശിവന്‍, കൃഷ്ണന്‍ എന്നി ഹിന്ദു ദേവതകള്‍ക്കായി നിര്‍മിച്ച ക്ഷേത്രമായിരുന്നു ഇതെന്നാണ് ഹിന്ദുസംഘടനകളുടെ വാദം.

നാഷണല്‍ ഉലമ കൗണ്‍സിലിന്റെ ദേശീയ സെക്രട്ടറി മോ നസീം, സംഭവത്തെ ശക്തമായി അപലപിച്ചു. ഇത് ചരിത്രത്തെയും സാമുദായിക സൗഹാര്‍ദ്ദത്തെയും തകര്‍ക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. അകത്ത് കല്ലറകളുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശവകുടീരമാണിതെന്നും ഈ സ്ഥലം സര്‍ക്കാര്‍ രേഖകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News