ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെ അദാനി ഗ്രൂപ്പിന് ഒരു മാസത്തിനിടെയുണ്ടായത് 11 ലക്ഷം കോടിയുടെ നഷ്ടം. ഇതോടെ വിപണിമൂല്യത്തില്‍ 100 ബില്യണ്‍ ഡോളറില്‍ താഴെയുള്ള കമ്പനിയായി മാറി അദാനി ഗ്രൂപ്പ്.
ജനുവരി 24ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത 10 അദാനി കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞിരുന്നു. 55 ശതമാനം ഓഹരി വിലയാണ് ഇടിഞ്ഞിരുന്നത്. ഫെബ്രുവരി 21ന് അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യം 8.2 ലക്ഷം കോടിയാണ്. ജനുവരി 24ന് വിപണി മൂല്യം 19.2 ലക്ഷം കോടിയായിരുന്നു.
യുഎസ് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടില്‍ സ്റ്റോക്ക് മാര്‍ക്കറ്റ് കൃത്രിമം, കള്ളപ്പണം വെളുപ്പിക്കല്‍, അക്കൗണ്ടിംഗ് വഞ്ചന എന്നീ കാരണങ്ങളില്‍ കമ്പനിയുടെ മേല്‍ ആരോപണമുയര്‍ത്തിയതോടെയാണ് അദാനി ഗ്രൂപ്പ് പ്രതിസന്ധി നേരിട്ടത്.
അതേസമയം, അദാനി ഗ്രൂപ്പിനെതിരായ ഹിന്‍ഡന്‍ബര്‍ഗിന്റെ ആരോപണങ്ങളും റിപ്പോര്‍ട്ട് വരുന്നതിന് മുമ്പും ശേഷവും ഗ്രൂപ്പിന്റെ ഓഹരികളിലെ വിപണി പ്രവര്‍ത്തനങ്ങളും അന്വേഷിക്കുന്നുണ്ടെന്ന് ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി സുപ്രീം കോടതിയെ അറിയിച്ചിരുന്നു.