KeralaNationalNews

ഹിജാബ് നിഷേധത്തിൽ പ്രതിഷേധം; കര്‍ണാടകയില്‍ വിദ്യാര്‍ഥിനികള്‍ പരീക്ഷ ബഹിഷ്‌കരിച്ചു

ബെംഗളൂരു: ഹിജാബ് ധരിച്ച് സ്കൂളിലേക്ക് പ്രവേശിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് കർണാടകയിൽ വിദ്യാർഥിനികൾ പരീക്ഷ ബഹിഷ്കരിച്ചു. കുടകിൽ 30 വിദ്യാർഥികളും ശിവമോഗയിൽ 13 വിദ്യാർഥികളുമാണ് പരീക്ഷ ബഹിഷ്കരിച്ചത്. ബോർഡ് പരീക്ഷയ്ക്കു മുമ്പുള്ള മോഡൽ പരീക്ഷകളാണ് ഇപ്പോൾ നടക്കുന്നത്.

കോടതിയുടെ ഉത്തരവ് അനുസരിക്കണമെന്ന് വിദ്യാർഥിനികൾക്ക് കർണാടകയിലെ സ്കൂളുകൾ നേരത്തെതന്നെ നിർദേശം നൽകിയിരുന്നു. ഹിജാബ് വിഷയത്തിൽ വിധി വരുംവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്നാണ് കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
എന്നാൽ അടച്ചുപൂട്ടിയ സ്കൂളുകൾ തിങ്കളാഴ്ച്ച തുറന്നപ്പോൾ ചിലർ ഹിജാബും ബുർഖയും ധരിച്ചെത്തുകയായിരുന്നു. ഇതോടെ സ്കൂൾ അധികൃതർ ഇടപെടുകയും ഹിജാബും ബുർഖയും അഴിച്ചുമാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. ഇതു അനുസരിക്കാതിരുന്ന ചിലർ വീട്ടിലേക്കുതന്നെ തിരിച്ചുപോയി.

കർണാടക ഹൈക്കോടതിയിലെത്തിയ ഹിജാബ് വിഷയം നിലവിൽ വിശാല ബെഞ്ചിന്റെ പരിഗണനയിലാണുള്ളത്. ജസ്റ്റിസ് കൃഷ്ണ ദീക്ഷിതിന്റെ ഏകാംഗ ബെഞ്ചാണ് വിഷയം വിശാല ബെഞ്ചിലേക്ക് കൈമാറിയത്. ഹിജാബിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മൂന്ന് ദിവസം അടച്ചിടാൻ നിർബന്ധിതരായിരുന്നു. ഉഡുപ്പി ജില്ലയിലെ സർക്കാർ കോളേജുകളിൽ പഠിക്കുന്ന ഒരു കൂട്ടം മുസ്ലിം പെൺകുട്ടികളാണ് ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ചതിനെതിരെ കോടതിയെ സമീപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button