'സിനിമാ മോഡൽ' ഹൈവേ കൊള്ള: ഒളിവിൽ കഴിഞ്ഞ പ്രതി കൊച്ചിയിൽ പിടിയിൽ

'സിനിമാ മോഡൽ' ഹൈവേ കൊള്ള: ഒളിവിൽ കഴിഞ്ഞ പ്രതി കൊച്ചിയിൽ പിടിയിൽ

കൊച്ചി: ഉത്തർപ്രദേശിൽ സിനിമാ സ്റ്റൈൽ ഹൈവേക്കൊള്ള നടത്തിയ സംഘത്തിലെ ഒളിവിൽ കഴിഞ്ഞ പ്രതി കൊച്ചിയിൽ പിടിയിൽ. ബാങ്കിൽ നിന്നു പണമെടുത്ത് ബൈക്കിൽ വരുകയായിരുന്ന അക്കൗണ്ടന്റിനെ ആക്രമിച്ച് 85 ലക്ഷം കവർന്ന കേസിലെ പ്രതി യുപി സ്വദേശി റിസാഖത്ത് ആണ് പിടിയിലായത്.

യുപിയിൽ നിന്നുള്ള പോലീസ് സംഘവും സെൻട്രൽ പോലീസും ചേർന്ന് കൊച്ചി ചിറ്റൂർ റോഡിലെ ലോഡ്ജിൽ നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 10,000 രൂപയും കണ്ടെടുത്തു. റിസാഖത്തിനെ കോടതിയിൽ ഹാജരാക്കി. കസ്റ്റഡിയിൽ വാങ്ങി ഉത്തർപ്രദേശിലേക്ക് കൊണ്ടുപോകും.

സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനും കേന്ദ്രീകരിച്ച് യുപി സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കേരളത്തിലെത്തിയിട്ടുണ്ടെന്നും കൊച്ചിയിൽ താമസിക്കുകയാണെന്നും വിവരം ലഭിച്ചത്. മൂന്ന് ദിവസം മുൻപാണ് ഇയാൾ മുറിയെടുത്തതെന്ന് ലോഡ്ജ് ജീവനക്കാർ മൊഴി നൽകി.

15-ന് യുപിയിലെ ഹാപുർ ജില്ലയിൽ ഡൽഹി-ലഖ്നൗ ദേശീയപാതയിലായിരുന്നു സംഭവം. നോയ്ഡയിലെ കമ്പനിയിലെ അക്കൗണ്ടന്റായ അജയ്‌പാൽ എന്നയാൾ പണവുമായി ബൈക്കിൽ വരുംവഴി കാറിലും ബൈക്കിലുമായാണ് കൊള്ളസംഘം പിന്നാലെ കൂടിയത്. ബൈക്കിൽ യാത്ര ചെയ്ത സംഘത്തിലെ ഒരാൾ അക്കൗണ്ടന്റിനെ ചവിട്ടി സ്‌കൂട്ടറിൽനിന്ന് താഴെയിട്ട ശേഷം തോക്ക് ചൂണ്ടി പണമടങ്ങിയ ബാഗ് പിടിച്ചുപറിക്കുകയായിരുന്നു.

കൊള്ളസംഘത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിരുന്നു. പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News