ശ്രീനഗര്‍:കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് സഞ്ചാരികളുടെ പ്രിയപ്പെട്ട പാതയായ മണാലി- ലേ ഹൈവേ അടച്ചു. അപകട സാധ്യത കാരണം ഈ പാതയില്‍ ദാര്‍ച്ചയ്ക്ക് അപ്പുറത്തേക്ക് വിനോദസഞ്ചാരികള്‍ സഞ്ചരിക്കരുതെന്ന് ലഹൗള്‍-സ്പിതി പോലീസ് അറിയിച്ചു.
മഞ്ഞുവീഴ്ച കാരണം ദാര്‍ച്ചയ്ക്ക് അപ്പുറത്തേക്കുള്ള ഭാഗത്ത് വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. ഷിന്‍കു ലാ പാസ്, ബാരലാചാ പാസ് എന്നിവിടങ്ങളിലെ റോഡുകളിലാണ് കൂടുതല്‍ അപകടസാധ്യയുള്ളത്. പല സ്ഥലത്തും മഞ്ഞ് വീണ് റോഡുകള്‍ മൂടപ്പെട്ട സാഹചര്യമാണ്.
കോക്‌സര്‍, ബാരലാചാ, റോഹ്താങ്, ഷിന്‍കു ലാ എന്നിവിടങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ട്. ഇതിലൂടെ യാത്ര ചെയ്യുന്ന പ്രാദേശിക വാസികള്‍ നേരത്തെ അധികൃതരെ വിവരമറിയിക്കാനും നിര്‍ദേശമുണ്ട്. ഹിമാചല്‍ പ്രദേശത്തുടനീളം മഞ്ഞുവീഴ്ചയും അതിശൈത്യവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
427 കിലോമീറ്റര്‍ നീളമുള്ള മണാലി- ലേ ഹൈവേയാണ് ലഡാക്കിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധപ്പെടുത്തുന്നത്. ഹിമാചല്‍ പ്രദേശിലെ അടല്‍ തുരങ്കം വഴി ബിയാസ് നദിയുടെ കുളു താഴ്വരയെ ലാഹൗളിലെ ചന്ദ്ര, ഭാഗ നദീതടങ്ങളുമായി ബന്ധിപ്പിക്കുന്നു. ഇന്ത്യയുടെ തന്ത്രപ്രധാനപ്പെട്ട അതിര്‍ത്തി പ്രദേശമായ ലഡാക്കില്‍ സൈനികര്‍ക്കാവശ്യമായ ചരക്കുനീക്കങ്ങള്‍ നടത്തുന്നതും മണാലി- ലേ ഹൈവേയിലൂടെയാണ്.
സാധാരണഗതിയില്‍ മണാലി- ലേ ഹൈവേ എല്ലാ വര്‍ഷവും മെയ് പകുതി മുതല്‍ അല്ലെങ്കില്‍ ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ ഏകദേശം അഞ്ച് മാസത്തേക്ക് പ്രവര്‍ത്തനസജ്ജമായിരിക്കും. ബാക്കിയുള്ള മാസങ്ങളില്‍ മഞ്ഞുവീണ് അടഞ്ഞുകിടക്കുകയാവും. ബൈക്ക് റൈഡര്‍മാരുടെ ഒരു സ്വപ്നപാതകൂടിയാണിത്.
ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ രണ്ട് ജില്ലകളില്‍ ഒന്നാണ് ലേ. ഇന്ത്യയുടെ തന്ത്രപ്രധാനമായ പ്രദേശങ്ങളിലൊന്നായ ലേ സഞ്ചാരികളുടെ പറുദീസ കൂടിയാണ്.