കോട്ടയം: ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്നും നാളെയും താപനില ഉയരാന്‍ സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.
രാവിലെ പതിനൊന്ന് മണി മുതല്‍ വൈകുന്നേരം മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജലീകരണം തടയാന്‍ പരമാവധി വെള്ളം കുടിക്കുകയും വേണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
മാര്‍ച്ച് 1 മുതല്‍ മൂന്ന് മാസക്കാലമാണ് കേരളത്തില്‍ വേനല്‍ക്കാലമായി കണക്കാക്കുന്നത്. തെരഞ്ഞെടുപ്പ് ചൂടിനൊപ്പം സംസ്ഥാനത്ത് അന്തിരീക്ഷ താപനിലയും കുതിക്കുകയാണ്. മിക്ക ജില്ലകളിലും ഉയര്‍ന്ന താപനില ശരാശരിയിലും 2 ഡിഗ്രി വരെ ഉയര്‍ന്നു കഴിഞ്ഞു. തീരദേശ സംസ്ഥാനമായതിനാല്‍ കേരളത്തില്‍ അന്തരീക്ഷ ആര്‍ദ്രത ഉയര്‍ന്നതാണ്. അതിനാല്‍ വേനല്‍ക്കാലത്ത് താപനില ഉയരുന്നതോടെ ,ചൂട് ആനുപാതികമായി ഉയരുകയും മനുഷ്യര്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും ആരോഗ്യപ്രശ്‌നങ്ങളും അസ്വസ്ഥതയമുണ്ടാക്കും.
വേനല്‍ക്കാല ദുരന്ത സാധ്യതകള്‍ ലഘൂരിക്കുന്നതിനും പ്രതിരോധിക്കുന്നതിനും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിക്കും. ഭൂമധ്യരേഖക്ക് സമീപമുള്ള കിഴക്കന്‍ പസഫിക് സമുദ്രത്തിലും മധ്യ പസഫിക് സമുദ്രത്തിലും കടലിന്റെ ചൂട് സാധാരണയിലും കുറയുന്ന ലാ നീന പ്രതിഭാസം ഏപ്രിലോടെ കൂടുതല്‍ ദുര്‍ബലമായേക്കും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ താപനില സാധാരണ നിലയില്‍ തുടര്‍ന്നേക്കുമെന്നാണ് അന്താരാഷ്ട്ര കാലാവസ്ഥ ഏജന്‍സികളുടെ വിലയിരുത്തല്‍. ഇതോടെ വേനല്‍മഴ സാധാരണയിലും കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.
ജനുവരി, ഫെബ്രുവരി ശൈത്യമാസക്കാലത്ത് ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും അധിക മഴ കേരളത്തില്‍ കിട്ടുകയും ചെയ്തു അതിനാല്‍ ഈ വേനല്‍ക്കാലത്ത് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അതികഠിനമായ ചൂട് അനുഭവപ്പെടാനിടയില്ലെന്നാണ് വിലയിരുത്തല്‍.