ഭോജ് ശാല സരസ്വതി ക്ഷേത്രമെന്ന് മധ്യപ്രദേശ് ഹൈക്കോടതി; പള്ളി നിര്‍മ്മിക്കാന്‍ പകരം ഭൂമി നല്‍കാന്‍ നിര്‍ദ്ദേശം

ഭോജ് ശാല സരസ്വതി ക്ഷേത്രമെന്ന് മധ്യപ്രദേശ് ഹൈക്കോടതി; പള്ളി നിര്‍മ്മിക്കാന്‍ പകരം ഭൂമി നല്‍കാന്‍ നിര്‍ദ്ദേശം

ഇന്‍ഡോര്‍: പതിറ്റാണ്ടുകളായി തര്‍ക്കം നിലനില്‍ക്കുന്ന മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ ഭോജ്ശാല സമുച്ചയം സരസ്വതി ക്ഷേത്രമാണെന്ന് ഹൈക്കോടതി വിധിച്ചു. ക്ഷേത്രത്തോടൊപ്പം കമാല്‍ മൗല പള്ളി കൂടി ഉള്‍പ്പെടുന്ന സമുച്ചയത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള ഹര്‍ജികളിലാണ് ഇന്‍ഡോര്‍ ബെഞ്ചിന്റെ നിര്‍ണ്ണായക വിധി. ഈ ചരിത്രസ്മാരകം പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഒരു സംസ്‌കൃത പഠനകേന്ദ്രവും സരസ്വതി ക്ഷേത്രവുമാണെന്ന് കോടതി നിരീക്ഷിച്ചു.

ആർക്കിയോളജിക്കൽ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തിയാണ് ജസ്റ്റിസുമാരായ വിജയ് കുമാര്‍ ശുക്ല, അലോക് അവാസ്തി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധി പ്രസ്താവിച്ചത്. ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ പുനരുപയോഗിച്ചാണ് നിലവിലെ ഘടന നിര്‍മ്മിച്ചിട്ടുള്ളതെന്ന് എ.എസ്.ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പള്ളി നിര്‍മ്മിക്കുന്നതിനായി മുസ്ലിം വിഭാഗത്തിന് ധാര്‍ ജില്ലയില്‍ തന്നെ അനുയോജ്യമായ മറ്റൊരു ഭൂമി നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു. ഇതിനായി മൗലാന കമാലുദ്ദീന്‍ വെല്‍ഫെയര്‍ സൊസൈറ്റിക്ക് അപേക്ഷ സമര്‍പ്പിക്കാം.

ചൊവ്വാഴ്ചകളില്‍ ഹിന്ദുക്കള്‍ക്ക് ആരാധനയ്ക്കും വെള്ളിയാഴ്ചകളില്‍ മുസ്ലിംകള്‍ക്ക് നിസ്‌കാരത്തിനും അനുമതി നല്‍കിക്കൊണ്ടുള്ള 2003-ലെ എ.എസ്.ഐ ഉത്തരവ് കോടതി റദ്ദാക്കി. ഹിന്ദു വിഭാഗത്തിന് ആരാധനയ്ക്ക് പൂര്‍ണ്ണ അവകാശം നല്‍കുന്നതാണ് പുതിയ വിധി. സമുച്ചയത്തിന്റെ ഭരണവും പരിപാലനവും സംബന്ധിച്ച കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനും പുരാവസ്തു വകുപ്പിനും തീരുമാനമെടുക്കാം.

വിധിയുടെ പശ്ചാത്തലത്തില്‍ ധാര്‍ ജില്ലയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആയിരത്തിലധികം പോലീസുകാരെ സ്ഥലത്ത് വിന്യസിച്ചു. സോഷ്യല്‍ മീഡിയയിലൂടെ പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ രാജീവ് രഞ്ജന്‍ മീന മുന്നറിയിപ്പ് നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News