ചെന്നൈ: കമൽഹാസൻ നായകനായി അഭിനയിച്ച ‘ഗുണ’യുടെ റീ-റിലീസ് മദ്രാസ് ഹൈക്കോടതി വിലക്കി. പകർപ്പവകാശം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ഗുണയുടെ നിലവിലെ പകർപ്പവകാശം തനിക്കാണെന്നവകാശപ്പെട്ട് ഘനശ്യാം ഹേംദേവ് എന്നയാൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി. വേൽമുരുകന്റെ ഉത്തരവ്. പിരിമിഡ് ഓഡിയോ ഇന്ത്യയും എവർഗ്രീൻ മീഡിയയുംചേർന്നാണ് സിനിമ റീ-റിലീസ് ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ രണ്ടുകമ്പനികളെയും ഇതിൽനിന്ന് വിലക്കി.
സന്താനഭാരതി സംവിധാനംചെയ്ത ‘ഗുണ’ 1991-ലാണ് പ്രദർശനത്തിനെത്തിയത്. അതിന്റെ ഡിജിറ്റൽ പ്രിന്റുകൾ വീണ്ടും റീ-റിലീസ് ചെയ്യാനൊരുങ്ങവെയാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഗുണയുടെ മുഴുവൻ അവകാശങ്ങളും നിലവിൽ തനിക്കാണെന്നും റീ-റിലീസ് ചെയ്ത് സാമ്പത്തികനേട്ടമുണ്ടാക്കാനാണ് പിരമിഡും എവർഗ്രീൻ മീഡിയയും ശ്രമിക്കുന്നതെന്നും ഘനശ്യാം ഹേംദേവ് ഹർജിയിൽ വ്യക്തമാക്കി. പകർപ്പവകാശവിഷയത്തിൽ 22-നകം പ്രതികരണമറിയിക്കാൻ പിരമിഡ്, എവർഗ്രീൻ മീഡിയ എന്നിവയ്ക്ക് കോടതി നിർദേശംനൽകി.
‘ഗുണ’യെ ഉയർത്തിക്കാട്ടി മലയാളസിനിമയായ ‘മഞ്ഞുമ്മൽ ബോയ്സ്’ എത്തിയതോടെയാണ് സിനിമ വീണ്ടും ശ്രദ്ധനേടിയത്. ചിത്രത്തിൽ ഇളയരാജ ഒരുക്കിയ ‘കൺമണി അൻപോട്’ എന്ന ഗാനവും മഞ്ഞുമ്മൽ ബോയ്സിൽ ഉപയോഗിച്ചിരുന്നു. .
മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിൽ വൻവിജയം നേടിയതോടെയാണ് ‘ഗുണ’ റീ-റിലീസ് ചെയ്യാൻ തീരുമാനിച്ചത്. ‘കൺമണി അൻപോട്’ എന്നഗാനം മഞ്ഞുമ്മൽ ബോയ്സിൽ ഉപയോഗിച്ചത് തന്റെ അനുമതിയോടെയല്ലെന്നുപറഞ്ഞ് നേരത്തേ ഇളയരാജയും രംഗത്തെത്തിയിരുന്നു.