KeralaNews

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം,ആവശ്യമെങ്കില്‍ സംസ്ഥാന പോലീസ് മേധാവി നേരിട്ട് ഇടപെടണം; ക്രിസ്തുമസ് ദിനത്തില്‍ അസാധാരമ സിറ്റിംഗ് നടത്തി ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ തിരക്ക് പ്രതിസന്ധിയില്‍ ക്രിസ്മസ് ദിനത്തില്‍ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങ്ങ്. തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യമായ നടപടിക്ക് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ശബരിമലയിലേക്കുള്ള വാഹനങ്ങള്‍ വഴിയില്‍ തടയുകയാണെങ്കില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ആവശ്യമെങ്കില്‍ സംസ്ഥാന പോലീസ് മേധാവി നേരിട്ട് ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു. മണ്ഡലകാലത്ത് പ്രതീക്ഷിക്കുന്ന അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്താണ് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് പ്രത്യേക സിറ്റിങ്ങ് നടത്തിയത്.

അഞ്ചിടങ്ങളില്‍ അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ തടയുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. പാലാ, പൊന്‍കുന്നം, ഏറ്റുമാനൂര്‍, വൈക്കം, കാഞ്ഞിരിപ്പള്ളി എന്നിവിടങ്ങളിലാണ് വാഹനങ്ങള്‍ തടയുന്നത്. ഇത്തരത്തില്‍ വാഹനങ്ങള്‍ തടയുമ്പോള്‍ ഭക്തര്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാണ് കോടതിയുടെ നിര്‍ദേശം. ആവശ്യമെങ്കില്‍ പോലീസ് മേധാവി നേരിട്ടിടപെടണമെന്നും ജില്ലാ ഭരണക്കൂടം ഈക്കാര്യം കൃത്യമായി ഏകോപിപ്പിക്കണമെന്നും നിര്‍ദേശവുമുണ്ട്.

അടുത്ത രണ്ട് ദിവസത്തെ വിര്‍ച്വല്‍ ക്യൂ ബുക്കിങ്ങിന്റെ എണ്ണം തൊണ്ണൂറായിരം കടന്നിരിക്കുകയാണ്. സ്‌പോട്ട് ബുക്കിങ്ങുമായി പതിനായിരത്തോളം ഭക്തരും എത്തുന്നതോടെ ഏതാണ്ട് ഒരു ലക്ഷത്തിലധികം ഭക്തര്‍ വരുന്ന രണ്ട് ദിവസങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തും.

ഇതിനോടൊപ്പം ഏതാണ്ട് ഇരുപതിനായിരത്തോളം പേര്‍ യാതൊരു വിധ ബുക്കിങ്ങും കൂടാതെ ശബരിമലയിലെത്തുന്നുണ്ട്. ഇതാണ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഒരു ബുക്കിങ്ങും കൂടാതെ എത്തുന്നവരുടെ കാര്യത്തില്‍ എന്ത് തീരുമാനമെടുക്കണമെന്ന് അറിയിക്കാന്‍ ശബരിമലയുടെ സെക്യൂരിറ്റി ചുമതലയുള്ള എഡിജിപി എം.ആര്‍ അജിത് കുമാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നേരത്തെ ഇടത്താവളങ്ങളില്‍ തീര്‍ഥാടകരുടെ വാഹനം പിടിച്ചിട്ടതിനെ തുടര്‍ന്ന് മണിക്കൂറുകളോളം കാത്തുനിന്ന യാത്രക്കാര്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ വെള്ളവും ഏത്തപ്പഴവും നല്‍കിയിരുന്നു. ജനമൈത്രി പോലീസാണ് ഭക്ഷണവും വെള്ളവും നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button