കൊച്ചി: ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ ഇപ്പോഴും വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്ന് ഹൈക്കോടതി. മദ്യ വാങ്ങാന്‍ എത്തുന്നവര്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റോ, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. വാക്‌സിനേഷന്‍ പരമാവധി ആളുകളിലേക്കെത്താന്‍ തീരുമാനം ഉപകരിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
മദ്യം വാങ്ങാന്‍ എത്തുന്നവരെ കന്നുകാലികളെ പോലെയാണ് സര്‍ക്കാര്‍ ഇപ്പോഴും കാണുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. പോലീസ് ബാരിക്കേട് വച്ച് അടിച്ചൊതുക്കിയാണ് മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കുന്നത്. താന്‍ നേരിട്ട് കണ്ട സംഭവമാണെന്നും കോടതി പറഞ്ഞു. മറ്റിടങ്ങളില്‍ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ, ആദ്യ വാക്‌സിന്‍ എടുത്ത രേഖയോ വേണമെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ബെവ്‌കോ ബാറുകളില്‍ ഈ നിയമം ബാധകമല്ലേയെന്ന് കോടതി ചോദിച്ചു. പച്ചക്കറി, പലവഞ്ജന കടകകളില്‍ അടക്കം നിയന്ത്രണം ഉണ്ട്. പക്ഷേ ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് ഇത് ബാധകമാക്കാത്തതെന്ത് എന്ന് കോടതി ചോദിച്ചു.
പഴയ ഹിന്ദി സിനിമകളില്‍ ചൂതാട്ടം നടക്കുന്ന സ്ഥലം പോലെയാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ കാണുമ്പോള്‍ തോന്നുന്നതെന്നും ഇത്തരം ഇരുട്ട് നിറഞ്ഞ ഇടങ്ങളാണോ നിങ്ങള്‍ മദ്യ വില്‍പനയ്ക്ക് കണ്ടുവച്ച സ്ഥലങ്ങളെന്ന് ഫോട്ടോ ഉയര്‍ത്തിക്കാട്ടി കോടതി ചോദിച്ചു. ഇത്തരം ആള്‍ക്കൂട്ടം അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. പൊതുജനങ്ങളുടെ ആരോഗ്യമാണ് വലുതെന്ന് പറഞ്ഞ കോടതി വാക്‌സിന്‍ എടുത്തവര്‍ക്കോ ആര്‍ടിപിസിആര്‍ ചെയ്തവര്‍ക്കോ മാത്രം മദ്യം വില്‍ക്കൂ എന്ന് തീരുമാനിക്കണമെന്നും സര്‍ക്കാരിനോട് പറഞ്ഞു. വിഷയത്തില്‍ നാളെ മറുപടി വേണമെന്ന് കോടതി സര്‍ക്കാരിനോട് പറഞ്ഞു. കേസ് നാളെ വീണ്ടും പരിഗണിക്കും.