KeralaNews

കളമശ്ശേരി സ്ഫോടനം: രാജീവ് ചന്ദ്രശേഖർ നടത്തിയ പരാമർശത്തിൽ കടുത്ത നടപടികൾ പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നടത്തിയ പരാമർശത്തിൽ കടുത്ത നടപടികൾ പാടില്ലെന്ന് പോലീസിനോട് ഹൈക്കോടതിയുടെ നിർദേശം. അതിനിടെ, കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിന്റെ റിമാൻഡ് കാലാവധി നീട്ടി. ഡിസംബർ 26വരെയാണ് റിമാൻഡ് കാലാവധി നീട്ടിയത്.

കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ പരാമർശത്തിലാണ് പോലീസ് നേരത്തെ കേസെടുത്തത്. വിദ്വേഷം പ്രചരിപ്പിച്ചു, സമൂഹങ്ങൾ തമ്മിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങൾക്ക് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് രണ്ട് കേസുകളാണ് രാജീവ് ചന്ദ്രശേഖറിനെതിരേ എറണാകുളം സെൻട്രൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, കേന്ദ്രമന്ത്രിക്കെതിരേ കടുത്ത നടപടികൾ പാടില്ലായെന്ന് പോലീസിനോട് ഹൈക്കോടതി നിർദേശിച്ചു.

രാജീവ് ചന്ദ്രശേഖറിന്റെ പരാമർശത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയനടക്കം രം​ഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി വര്‍ഗീയവിഷം ചീറ്റുന്നെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിനുപിന്നാലെ മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖറും പ്രതികരണം നടത്തിയിരുന്നു.

നവംബർ 15-നാണ് കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചത്. തുടർന്ന് ഈ മാസം 29 വരെ ഡൊമിനിക് മാർട്ടിനെ കോടതി റിമാൻഡ് ചെയ്യുകയായിരുന്നു. ഇതാണ് ഇപ്പോൾ കോടതി ഡിസംബർ 26 വരെ നീട്ടിയത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഓൺലൈൻ വഴിയാണ് മാർട്ടിനെ ഹാജരാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button