കൊച്ചി: പന്തീരങ്കാവില്‍ യുവതിയെ ഭര്‍ത്താവ് മര്‍ദിച്ച കേസ് ഹൈക്കോടതി റദ്ദാക്കി. പരാതിക്കാരി പിന്മാറിയ പശ്ചാത്തലത്തിലാണ് നടപടി. പരാതിക്കാരിയും ഭര്‍ത്താവും കേസ് റദ്ദാക്കണമെന്ന് നേരത്തേ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.പരാതിക്കാരി പിന്മാറിയിരുന്നെങ്കിലും പോലീസ് കേസന്വേഷണം തുടര്‍ന്നിരുന്നു. തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. .
കേസിലെ പ്രതിയായിരുന്ന രാഹുൽ ഗോപാൽ, താനും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർത്തു അതിനാൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഭർത്താവ് തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് ഭാര്യയും കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. അഭിപ്രായ വ്യത്യാസങ്ങളും തെറ്റിദ്ധാരണകളും മാത്രമാണ് ഉണ്ടായിരുന്നത്.
അതിന്റെ അടിസ്ഥാനത്തിലാണ് പരാതിയുമായി രംഗത്ത് വന്നത്. അതുകൊണ്ട് തന്നെ ഭർത്താവിനെതിരായ കേസ് പിൻവലിക്കണം. ഭർത്താവിനൊപ്പം ജീവിക്കാനാണ് താത്പര്യം എന്ന് അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ഇപ്പോൾ രാഹുൽ ഗോപാലിനെതിരായ എഫ്ഐആർ റദ്ദാക്കിയിരിക്കുന്നത്.
പന്തീരങ്കാവില്‍ നവവധുവിനെ ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു. വധുവിന്റെ വീട്ടുകാര്‍ ഭര്തൃവീട്ടിലെത്തുമ്പോഴാണ് യുവതി ക്രൂരമായ മര്‍ദനത്തിനിരയായ വിവരം അറിയുന്നത്. ഇതേത്തുടര്‍ന്ന് യുവതിയും ബന്ധുക്കളും പോലീസില്‍ പരാതി നല്കി.
കേസ് വന്നതോടെ ഭര്‍ത്താവ് രാഹുല്‍ ജര്‍മനിയിലേക്ക് മുങ്ങി. പിന്നീട് ഭര്‍ത്താവ് മര്‍ദിച്ചിട്ടില്ലെന്നും വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് പരാതി നല്‍കിയതെന്നും കാണിച്ച് യുവതി രംഗത്തെത്തുകയായിരുന്നു.