ശബരിമലയിലെ സ്വര്‍ണത്തിന് കണക്കില്ല, രേഖയുമില്ല; ദേവസ്വം ബോര്‍ഡിന് ഗുരുതര വീഴ്ച, അന്വേഷിക്കാന്‍ റിട്ട. ജഡ്ജി

കൊച്ചി: ശബരിമലയിലെ സ്വര്‍ണപാളികളുമായി ബന്ധപ്പെട്ട കേസില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച്. ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള സ്വര്‍ണപീഠവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ചീഫ് വിജിലന്‍സ് ഓഫീസര്‍ ഇന്ന് കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന പല വിവരങ്ങളും അടങ്ങിയിട്ടുള്ളതായി കോടതി വ്യക്തമാക്കി.

സ്വര്‍ണപീഠം കണ്ടെത്തിയതില്‍ മാത്രമല്ല, ശബരിമലയിലുള്ള സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഒരു കണക്കുമില്ല എന്ന വിവരമാണ് വിജിലന്‍സ് എസ്പി കോടതിയെ അറിയിച്ചിരിക്കുന്നത്. തിരുവാഭരണം രജിസ്റ്ററിലാണ് ശബരിമലയിലെ സ്വര്‍ണം സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ശബരിമലയിലെ സ്‌ട്രോങ്‌റൂം വിശദമായി പരിശോധിച്ചിരുന്നതായും വിജിലന്‍സ് എസ്പി.

സ്വര്‍ണപാളികളുടെയും പീഠത്തിന്റെയും രണ്ടാമതൊരു സെറ്റ് കൂടി ഉണ്ടെന്നും അത് ശബരിമലയിലെ സ്‌ട്രോങ് റൂമിലോ മറ്റോ ഉണ്ടാകുമെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കോടതി സ്‌ട്രോങ്‌റൂം അടക്കം വിജിലന്‍സ് പരിശോധിച്ചത്. എന്നാല്‍ അത്തരത്തില്‍ ഒന്നുംതന്നെ സ്‌ട്രോങ്‌റൂം ഇല്ലായിരുന്നു എന്നാണ് വിജിലന്‍സ് കോടതിയെ അറിയിച്ചിരിക്കുന്നത്.

1999-ല്‍ ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവിലടക്കം സ്വര്‍ണപാളികൊണ്ട് പൂശിയതിന് 30 കിലോയിലധികം സ്വര്‍ണം ഉപയോഗിച്ചതായാണ് ഏകദേശ കണക്ക്. കൊടിമരത്തിന് സ്വര്‍ണം പൂശിയതിന് എന്തുമാത്രം സ്വര്‍ണം ചെലവായി, ക്ഷേത്രത്തിലെ സ്വര്‍ണാഭരണങ്ങളുടെ മൂല്യം എത്രയാണ് എന്നതടക്കം ഒരുകാര്യത്തിലും, പ്രത്യേകിച്ച് സ്വര്‍ണത്തിന്റെ കാര്യത്തില്‍ കൃത്യമായ ഒരു കണക്കും ഇല്ലാ എന്നാണ് വിജിലന്‍സ് കോടതിയെ അറിയിച്ചിരിക്കുന്നത്. 

സ്‌ട്രോങ്‌റൂമില്‍ സ്വര്‍ണാഭരണങ്ങള്‍ ഒരു പെട്ടിയിലും സ്വര്‍ണനാണയങ്ങള്‍ ചാക്കില്‍ കെട്ടിയ നിലയിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. രജിസ്റ്ററുകളില്‍ ഒന്നിനെയും സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. ശബരിമലയിലുള്ള വസ്തുക്കളെ സംബന്ധിച്ച ഒരു കണക്കുകളും വിവരങ്ങളും രജിസ്റ്ററുകളില്‍ ലഭ്യമല്ല എന്നാണ് വിജിലന്‍സ് കോടതിയെ അറിയിച്ചിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ ശബരിമലയിലെ സ്വര്‍ണത്തിന്റെയടക്കം മൂല്യ നിര്‍ണയത്തിനായി ഒരു റിട്ടയേര്‍ഡ് ജില്ലാ ജഡ്ജിലെ നിയമിക്കാനാണ് ഹൈക്കോടതി തീരുമാനിച്ചിരിക്കുന്നത്. ശബരിമലയിലെ കെടുകാര്യസ്ഥതയെ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് അടക്കമുള്ള പങ്ക് അന്വേഷിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ദ്വാരപാലക പീഠത്തിന്റെയും സ്വര്‍ണപാളികളുടെയും വിഷയത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മാത്രമല്ല ദേവസ്വം ഉദ്യോഗസ്ഥരുടെ അടക്കം പങ്കു അന്വേഷിക്കാനാണ് കോടതിയുടെ നിര്‍ദേശം.

ഇവ തിരികെ കൊണ്ടുവന്നപ്പോള്‍ തൂക്കി നോക്കുക എന്ന പ്രാഥമിക ഉത്തരവാദിത്തം പോലും ദേവസ്വംബോര്‍ഡ് കാണിച്ചില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. ശബരിമലയിലുള്ള ഉദ്യോഗസ്ഥരെ അന്വേഷണം സംബന്ധിച്ച ഒരു വിവരവും അറിയിക്കരുത് എന്ന് പറഞ്ഞ ഹൈക്കോടതി ദേവസ്വം ഉദ്യോഗസ്ഥരെയടക്കം സംശയത്തോടെയാണ് കാണുന്നത് എന്നും വ്യക്തമാക്കി. അതുകൊണ്ടുതന്നെ, അന്വേഷണം രഹസ്യസ്വഭാവത്തില്‍ മുന്നോട്ടുകൊണ്ടുപോണം എന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News