കൊച്ചി: കൊവിഡാനന്തര ചികിത്സ സൗജന്യമാക്കി കൂടെയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. കൊവിഡ് ബാധിച്ച സമയത്തേക്കാള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നെഗറ്റീവായതിന് ശേഷമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കൊവിഡ് നെഗറ്റീവായി ഒരു മാസം വരെയുള്ള തുടര്‍ ചികിത്സയും സൗജന്യമാക്കിക്കൂടെയെന്ന് കോടതി ചോദിച്ചു.
എന്നാല്‍ ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ ഉള്ളവരില്‍ നിന്ന് ചെറിയ തുകയാണ് ഈടാക്കുന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവായിരുന്നു. സുപ്രിം കോടതിയുടെ ഉത്തരവ് പ്രകാരം അടുത്ത ബന്ധുക്കള്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക.
കൊവിഡ് മരണത്തില്‍ ആശയകുഴപ്പമില്ലെന്നും കേന്ദത്തിന്റെ നിര്‍ദേശം അനുസരിച്ച് പട്ടികയില്‍ മാറ്റം വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. പരാതികള്‍ വന്നാല്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേരളത്തില്‍ ഇന്നലെ 9735 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 93,202 സാമ്പിളുകളാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലെ 151 മരണങ്ങള്‍ കൂടി കോവിഡ് ബാധിച്ചതിനാലെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 25,677 ആയി ഉയര്‍ന്നു.
തിരുവനന്തപുരം-1156, കൊല്ലം-755, ആലപ്പുഴ-519, പത്തനംതിട്ട-514, കോട്ടയം-806, ഇടുക്കി-374, എറണാകുളം-1099, തൃശ്ശൂര്‍-1367, പാലക്കാട്-768, മലപ്പുറം-686,കോഴിക്കോട്-688 ,വയനാട്-290, കണ്ണൂര്‍-563, കാസര്‍ഗോഡ്-150 എന്നിങ്ങനെയാണ് ഇന്നലെ കൊവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
പുതുതായി ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചവരില്‍ 36 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നത്. ആകെ 9101 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചപ്പോള്‍ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ലാത്ത 529 കൊവിഡ് കേസുകളാണുള്ളത്.സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം 69 ആണ്.