കൊച്ചി: കൊവിഡ് അതിതീവ്ര വ്യാപനവുമായി ബന്ധപ്പെട്ട് സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി പറഞ്ഞു. ആശുപത്രി ചെലവ് രോഗത്തിന്റെ തീവ്രതയേക്കാള്‍ ഭീകരമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കൊവിഡ് കണക്കുകള്‍ വര്‍ധിക്കുന്നത് അലട്ടുന്നുണ്ട്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്താതെ മികച്ച രീതിയില്‍ ജനങ്ങള്‍ക്ക് ആവശ്യമായ ചികിത്സകള്‍ ലഭ്യമാക്കണമെന്ന് ഹൈക്കോടതി അറിയിച്ചു.
കൊവിഡ് ചികിത്സാ ചെലവ് കുറയ്ക്കാനാവശ്യമായ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ നിരക്ക് നിശ്ചയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സ്വകാര്യ ആശുപത്രികളുമായി ആലോചിച്ച് നിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനം അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റീസ് എം.ആര്‍. അനിത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സ്വകാര്യ ആശുപത്രികളില്‍ നിശ്ചയിച്ചിട്ടുള്ള കൊവിഡ് ചികിത്സാ നിരക്ക് സംബന്ധിച്ച ഉത്തരവ് നിലനില്‍ക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ആര്‍.ടി.പി.സി.ആര്‍ പരിശോധന നിരക്ക് 1,700ല്‍ നിന്നു 500 രൂപയായി കുറച്ച സര്‍ക്കാര്‍ ഉത്തരവിന് പുല്ല് വില നല്‍കി സ്വകാര്യ ലാബുകളുടെ കൊള്ള തുടരുകയാണ്. പരിശോധനയ്ക്കായി എത്തുന്നവരില്‍ നിന്നു സ്വകാര്യ ലാബുകള്‍ ഇപ്പോഴും ഈടാക്കുന്നത് പഴയ നിരക്ക് തന്നെയാണ്. നിരക്ക് കുറച്ച ഉത്തരവ് കിട്ടിയില്ലെന്നാണ് സ്വകാര്യ ലാബുകളുടെ ന്യായീകരണം.
ഉത്തരവ് ലഭിക്കുന്നത് വരെ 1,700 രൂപ വാങ്ങുമെന്നും ലാബ് ഉടമകള്‍ പ്രതികരിച്ചു. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചതെന്നാണ് ആരോഗ്യമന്ത്രി വ്യാഴാഴ്ച വിശദമാക്കിയത്. എന്നാല്‍ ഇത് മുഖവിലയ്ക്കെടുക്കാതെയാണ് സ്വകാര്യ ലാബുകള്‍ പകല്‍കൊള്ള തുടരുന്നത്.