കൊച്ചി: കോട്ടയം തിരുവാര്‍പ്പില്‍ ബസുടമക്കെതിരായ ആക്രമണത്തില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സംരക്ഷണം നിര്‍ദേശിച്ചിട്ടും ബസുടമയ്ക്ക് അടി കിട്ടിയത് കോടതിക്കേറ്റ പ്രഹരമാണ്. സുരക്ഷ നല്‍കുന്നതില്‍ പൊലീസ് മനപൂര്‍വ്വം വീഴ്ച്ച വരുത്തിയെന്നും കോടതി വിമര്‍ശിച്ചു. കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസില്‍ കോട്ടയം ജില്ലാ പൊലീസ് മേധാവിയും സ്റ്റേഷന്‍ ഹൗസ് ഓഫീസറും നേരിട്ട് ഹാജരായപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം.
പൗരന്മാര്‍ക്ക് സംരക്ഷണം നല്‍കാനുള്ള ഉത്തരവാദിത്തം പൊലീസിനാണ്. നടപടിയില്‍ തൃപ്തിയില്ലെന്നും കോടതി പറഞ്ഞു. എന്നാല്‍ പൊലീസ് സംരക്ഷണം നല്‍കിയെന്നും ആക്രമണം അപ്രതീക്ഷിതമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് നാടകം കളിക്കുകയല്ലേയെന്ന് കോടതി ചോദിച്ചു.
വേണമെങ്കില്‍ ഒന്ന് തല്ലിക്കോയെന്ന സമീപനം പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. സംഭവത്തില്‍ അന്വേഷണം നടത്തിയോയെന്നും കോടതി പൊലീസിനോട് ചോദിച്ചു. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ കോടതിയില്‍ വന്നാലും നീതി കിട്ടില്ലെന്ന തോന്നല്‍ പൗരന്മാരിലുണ്ടാക്കും. ആ അടി കിട്ടിയത് ബസുടമക്കല്ല, മറിച്ച് കോടതിയുടെ മുഖത്താണെന്നും നിരീക്ഷിച്ചു.
തിരുവാര്‍പ്പില്‍ ബസ് ഉടമയും സിഐടിയുവും തമ്മിലുള്ള തര്‍ക്കത്തില്‍ ബസ് ഉടമയായ രാജ് മോഹനെ സിഐടിയു നേതാവ് മര്‍ദ്ദിച്ചിരുന്നു. കോട്ടയം ജില്ലയിലെ എല്ലാ ബസ് ഉടമകളും അംഗീകരിച്ച കൂലി വ്യവസ്ഥ നടപ്പാക്കില്ലെന്ന ധാര്‍ഷ്ട്യത്തിലാണ് ബസുടമയെന്നായിരുന്നു സിഐടിയുവിന്റെ ആരോപണം.