പൾസർ സുനിക്ക് തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം തള്ളി, അഴിക്കുള്ളിൽ തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന ഒന്നാംപ്രതി പൾസർ സുനിയുടെ (എൻ.എസ്. സുനിൽ) ആവശ്യം തള്ളി ഹൈക്കോടതി. ശിക്ഷ മരവിപ്പിക്കാൻ തക്ക സാഹചര്യങ്ങൾ ചൂണ്ടിക്കാണിക്കാൻ പ്രതിക്ക് സാധിച്ചില്ലെന്ന് ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. കേസിൽ വ്യാഴാഴ്ച ബെഞ്ച് വിശദമായ വാദം കേട്ടിരുന്നു.

'സെഷൻസ് ജഡ്ജി പുറപ്പെടുവിച്ച വിധിന്യായത്തിൽ പ്രകടമായ എന്തെങ്കിലും അപാകതയോ നിയമവിരുദ്ധതയോ ചൂണ്ടിക്കാണിക്കാൻ ഹർജിക്കാരന് സാധിച്ചിട്ടില്ല. അതിനാൽ, സെഷൻസ് ജഡ്ജിയുടെ കണ്ടെത്തലുകൾ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കാൻ തക്കവണ്ണം അവിശ്വസനീയമോ യുക്തിരഹിതമോ ആണെന്ന് കരുതാൻ കോടതിക്ക് കഴിയില്ല. വിചാരണ കോടതി ചുമത്തിയ ശിക്ഷ മരവിപ്പിക്കാൻ തക്കതായ അസാധാരണമായോ മതിയായതോ ആയ കാരണങ്ങൾ ബോധിപ്പിക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടു', കോടതി വ്യക്തമാക്കി.

നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ ശിക്ഷ സസ്‌പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന ഒന്നാംപ്രതി പൾസർ സുനിയുടെ ആവശ്യത്തെ സർക്കാരും അതിജീവിതയും കോടതിയിൽ എതിർത്തിരുന്നു. ജാമ്യം അനുവദിച്ചാൽ നടി അതിക്രമത്തിന് ഇരയാകുന്ന ദൃശ്യങ്ങളടക്കം പുറത്തുവരാൻ സാധ്യതയുണ്ടെന്നായിരുന്നു സർക്കാർ വാദം. ഹീനമായ കുറ്റകൃത്യമാണ് നടന്നതെന്നും ജാമ്യം അനുവദിക്കരുതെന്നും അതിജീവിത വാദിച്ചു.

വിചാരണാവേളയിലുൾപ്പെടെ ഇതിനോടകം എട്ടുവർഷവും നാലുമാസവും 17 ദിവസവുമായി ജയിലിലാണെന്നും ശിക്ഷ സസ്‌പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്നായിരുന്നു പൾസർ സുനിയുടെ വാദം. ദീർഘനാൾ ജയിൽവാസം അനുഭവിച്ചു എന്നത് ചൂണ്ടിക്കാട്ടിയാണ് ശിക്ഷ സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യം സുനിക്കായി ഹാജരായ സീനിയർ അഭിഭാഷകൻ ശാസ്തമംഗലം അജിത്കുമാർ ഉന്നയിച്ചത്.

അതിക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ ഇതുവരെ കണ്ടെടുക്കാനായിട്ടില്ലെന്നും ഇക്കാര്യത്തിൽ തുടരന്വേഷണം നടക്കുകയാണെന്നും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി. അജകുമാർ വാദിച്ചു. ശിക്ഷ വർധിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് അപ്പീൽ നൽകിയിരിക്കുന്നതെന്നും വാദിച്ചു.

ദീർഘനാൾ ജയിൽവാസം അനുഭവിച്ചു എന്നതിന്റെ പേരിൽ ജാമ്യം അനുവദിക്കരുതെന്ന് അതിജീവിതയ്ക്കായി ഹാജരായ സുപ്രീംകോടതി അഭിഭാഷക വൃന്ദ ഗോവർ വാദിച്ചു. വിചാരണക്കോടതി ഉത്തരവിനെതിരെ അതിജീവിതയും അപ്പീൽ ഫയൽ ചെയ്യുമെന്ന് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News