കൊച്ചി:’വെറുമൊരു കള്ളക്കടത്തുകാരാം ഞങ്ങളെ തീവ്രവാദികളെന്ന് വിളിച്ചില്ലേ…’ എന്ന വരികളോടെയാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻ.ഐ.എ. രജിസ്റ്റർചെയ്ത കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിന്യായം തുടങ്ങുന്നത്.
‘വെറുമൊരു മോഷ്ടാവായോരെന്നെ
കള്ളനെന്ന് വിളിച്ചില്ലേ, താൻ
കള്ളനെന്ന് വിളിച്ചില്ലേ’
എന്ന അയ്യപ്പപ്പണിക്കർ കവിതയെ ഓർമപ്പെടുത്തുന്നു ഈ വരികൾ.
പ്രതികളുടെ വിലാപമെന്ന രീതിയിലാണ് കോടതി ഈ ശകലം അവതരിപ്പിച്ചിരിക്കുന്നത്. തുടർന്നാണ് വിധിയിൽ കേസിന്റെ വിശദാംശങ്ങൾ കടന്നുവരുന്നത്. സ്വർണക്കടത്ത് കേസിന്റെ ഭാവിയെക്കുറിച്ചുള്ള സൂചനയുണ്ട് ഈ വരികളിൽ. സ്വപ്നയും കൂട്ടരും ജാമ്യംനേടി പുറത്തുവരുമ്പോൾ ചോദ്യചിഹ്നമാകുന്നത് എൻ.ഐ.എ. കുറ്റപത്രമാണ്. എൻ.ഐ.എ. രാജ്യത്ത് രജിസ്റ്റർചെയ്ത ആദ്യത്തെ സ്വർണക്കടത്ത് കേസായിരുന്നു വിമാനത്താവളത്തിലൂടെ നയതന്ത്രബാഗേജിന്റെ മറവിലുള്ള സ്വർണക്കടത്ത്.
യു.എ.പി.എ. ചുമത്താൻ കാരണം കേസിൽ തീവ്രവാദ സംഘടനകൾക്കു ബന്ധമുണ്ടോ, പണം തീവ്രവാദ സംഘടനകളിലേക്കു പോയോ എന്നീ കാര്യങ്ങളിലെ അന്വേഷണമാണ്. എന്നാൽ, ഇതു രണ്ടും തെളിയിക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കുറ്റപത്രം സമർപ്പിക്കുമ്പോൾ ശക്തമായ തെളിവുകൾ വേണം. അതില്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിക്കുന്നതാണ് കോടതിവിധിയെന്നാണ് നിയമവൃത്തങ്ങൾ പറയുന്നത്.
സ്വപ്നയ്ക്കും കൂട്ടർക്കുമെതിരേ പ്രഥമദൃഷ്ട്യാ രാജ്യദ്രോഹക്കുറ്റത്തിനു തെളിവില്ലെന്ന കോടതി നിരീക്ഷണവും ഏറെ പ്രധാനപ്പെട്ടതാണെന്ന് അവരുടെ അഭിഭാഷകനായിരുന്ന അഡ്വ. സൂരജ് ടി. ഇലഞ്ഞിക്കൽ പറഞ്ഞു. സ്വർണക്കടത്ത് കസ്റ്റംസ് ആക്ടിന്റെ പരിധിയിൽപ്പെടുന്ന കുറ്റമാണെന്നും അത് യു.എ.പി.എ.യുടെ 15-ാം വകുപ്പിൽ ഉൾപ്പെടില്ലെന്നും കോടതി നിരീക്ഷിച്ചതും എൻ.ഐ.എ.യ്ക്ക് തിരിച്ചടിയായി. യു.എ.പി.എ. വകുപ്പ് 15 നിലനിൽക്കില്ലെന്നു കണ്ടെത്തിയതോടെ പിന്നാലെവരുന്ന വകുപ്പുകളായ 17 (തീവ്രവാദസംഘടനകൾക്ക് ഫണ്ട് ചെയ്യുക), 18 (തീവ്രവാദ ഗൂഢാലോചന), 20 (തീവ്രവാദ സംഘടനയിൽ അംഗമാകുക) എന്നിവ പ്രതികൾക്കെതിരേ തെളിയിക്കാൻ കഴിയാതെപോയതും എൻ.ഐ.എ.യ്ക്കു തിരിച്ചടിയായി.
ഹൈക്കോടതി വിധിക്കെതിരേ എൻ.ഐ.എ. സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.