ഹൈക്കോടതിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി, യുവതി അറസ്റ്റിൽ
കൊച്ചി: ഹൈക്കോടതിയുടെ പേരിലും നിയമന തട്ടിപ്പിന് ശ്രമം. തട്ടിപ്പിന്റെ ആസൂത്രകയായ ചേര്‍ത്തല സ്വദേശി ആശാ അനില്‍കുമാറാണ് പോലീസ് പിടികൂടി.
ഹൈക്കോടതിയില്‍ രണ്ടു പേര്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമിച്ചെന്നാണ് കേസ്. ഷോഫര്‍, ക്ലാര്‍ക്ക് തസ്തികളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കുകയായിരുന്നു.
ഒന്‍പത് ലക്ഷം രൂപ വരെയാണ് ആശാ അനില്‍കുമാര്‍ ഇതിനായി ആവശ്യപ്പെട്ടതെന്നാണ് പരാതി. ഹൈക്കോടതി വിജിലന്‍സിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കൊച്ചി സിറ്റി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വര്‍ഷങ്ങളായി എറണാകുളം ജില്ലയിലെ കോടതികള്‍ കേന്ദ്രീകരിച്ച് അഭിഭാഷകര്‍ക്കായി കേസുകള്‍ ക്യാന്‍വാസ് ചെയ്യുന്ന വ്യക്തിയാണ് ആശാ അനില്‍കുമാര്‍.
ഇത്തരത്തില്‍ കോടതികളുമായുള്ള ബന്ധം വെച്ചുകൊണ്ടാണ് ഇവര്‍ തട്ടിപ്പിന് ശ്രമിച്ചത്. പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പിൽ കൂടുതൽ ഇരകളും പ്രതികളുമുണ്ടോയെന്നും പരിശോധിയ്ക്കും.