കൊച്ചി: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉൾപ്പെടെയുള്ള ഹൈക്കോടതി ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളിൽ മാറ്റം. പോലിസ് സംരക്ഷണം, പോലീസ് അതിക്രമം എന്നീ കേസുകൾ ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചിലേക്ക് മാറ്റി. പോലീസുമായി ബന്ധപ്പെട്ട കേസുകൾ ദേവൻ രാമചന്ദ്രനാണ് പരിഗണിച്ചിരുന്നത്.
സാധാരണയായി ഹൈക്കോടതിയുടെ നീണ്ടകാല അവധികൾ വരുമ്പോൾ ബെഞ്ച് മാറ്റം ഉണ്ടാകാറുണ്ട്. ക്രിസ്മസ് അവധിക്ക് ശേഷം കോടതി തുറക്കുമ്പോഴാണ് പോലീസുമായി ബന്ധപ്പെട്ട ഹർജികൾ ഉൾപ്പെടെ പരിഗണിക്കുന്നതിൽ മാറ്റം പ്രാബല്യത്തിൽ വരിക.
ജാമ്യഹർജികൾ പരിഗണിക്കുന്ന പരിഗണനാ പട്ടികയിലും മാറ്റമുണ്ട്. മോൻസൺ കേസ്, പിങ്ക് പോലീസിനെതിരായ കേസ് എന്നിവയിൽ പോലീസിന് സമീപകാലത്തായി ഹൈക്കോടതിയുടെ വലിയ വിമർശനം നേരിട്ടിരുന്നു. എന്നാൽ പരിഗണനാ പട്ടികയിലെ മാറ്റം സ്വാഭാവികമായ നടപടി മാത്രമാണെന്നാണ് ഹൈക്കോടതി വിശദീകരിക്കുന്നത്.
സാധാരണഗതിയിൽ അവധിക്ക് ശേഷം കോടതി ചേരുമ്പോൾ ഇത്തരം മാറ്റങ്ങൾ പതിവുള്ളതാണെന്നാണ് കോടതി പറയുന്നത്. പോലീസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കില്ലെങ്കിലും നേരത്തെ പരിഗണിച്ചിരുന്ന ഹർജികൾ അദ്ദേഹത്തിന്റെ ബെഞ്ചിൽ തന്നെ തുടരും.