കൊച്ചി: ദേവികുളം മുൻ എംഎല്‍എ എസ് രാജേന്ദ്രന്‍ റവന്യു ഭൂമി കയ്യേറിയിട്ടുണ്ടോയെന്ന് പരിശോധിച്ച് മൂന്നു മാസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ ലാന്‍റ് റവന്യു കമ്മീഷണര്‍ക്ക് കേരള ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഒഴിപ്പിക്കലിനെതിരെ രാജേന്ദ്രന്‍ നല്‍കിയ ഹർജി തീര്‍പ്പാക്കിയാണ് കോടതിയുടെ നിര്‍ദ്ദേശം. ഇതോടെ തല‍്കാലം രാജേന്ദ്രനെതിരെ കേസെടുക്കേണ്ടന്ന് പോലീസ് തീരുമാനിച്ചു. പട്ടയം കൈവശമുണ്ടെന്നും തന്റേത് കൈയ്യേറിയ ഭൂമിയല്ലെന്നുമാണ് രാജേന്ദ്രന്‍റെ വാദം.
മൂന്നാര്‍ വില്ലേജിലെ സര്‍വെ നമ്പർ 843 എയില്‍ പെട്ട 9 സെന്‍റ് ഭൂമിക്കാണ് എസ് രാജേന്ദ്രനും കുടുംബത്തിനും പട്ടയം ലഭിച്ചിരിക്കുന്നത്. എന്നാൽ ഇദ്ദേഹത്തിന്റെ കൈവശമുള്ളത് സര്‍വെ നമ്പർ 912ല്‍ പെട്ട ഭൂമിയാണ്. ഇത് സാങ്കേതിക പ്രശ്നമാണെന്നും സര്‍വെ നമ്പർ തിരുത്തണമെന്നും ആവശ്യപ്പെട്ട് നേരത്തെ ദേവികുളം സബ് കളക്ടർക്ക് രാജേന്ദ്രൻ അപേക്ഷ നല്‍കിയിരുന്നു. ഹാജരാക്കിയ രേഖകളിലെയും റവന്യൂ റെക്കോഡുകളിലെയും അതിരുകൾ വ്യത്യാസം ഉള്ളതിനാൽ അപേക്ഷ നിരസിക്കുകയായിരുന്നു.
ഇതിനെതിരെ രാജേന്ദ്രന്‍ നവംബര്‍ ഒൻപതിന് ലാന‍്റ് റവന്യൂ കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഈ പരാതി പരിശോധിച്ച് ഉടന്‍ തീരുമാനമെടുക്കാനാണ് ഹൈകോടതി നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. പുറമ്പോക്ക് ഭൂമി കൈയ്യേറിയെന്നും ഒഴിഞ്ഞുപോകണമെന്നും ആവശ്യപെട്ട് മൂന്നാർ വില്ലേജ് ഓഫീസര്‍ നൽകിയ നോട്ടീസിനെതിരെ രാജേന്ദ്രന്‍ കോടതിയെ സമീപിച്ചിരുന്നു.
ഈ കേസ് തീര്‍പ്പാക്കിയുള്ള കോടതി ഉത്തരവിലാണ് ലാന്‍റ് റവന്യു കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. അപേക്ഷയിൽ തീരുമാനമാകുന്നത് വരെ ഒഴിപ്പിക്കല്‍ നടപടികളൊന്നും എടുക്കരുതെന്നും ഉത്തരവിട്ടിട്ടുണ്ട്. ഇതോടെ പോലീസ് രാജേന്ദ്രനെതിരെ തല്‍കാലം കേസെടുക്കേണ്ടന്ന് തീരുമാനിച്ചു. ലാന‍്റ് റവന്യു കമ്മീഷണറുടെ തീരുമാനം രാജേന്ദ്രനെതിരായാല്‍ ഉടന്‍ കേസെടുക്കാനാണ് നിലവില്‍ ധാരണയായിരിക്കുന്നത്.