സിസാ തോമസിൻ്റെ ആവശ്യം പരിഗണിച്ചില്ല; കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെയുള്ള ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പിന്‍വലിച്ചു. ഹര്‍ജി പിന്‍വലിക്കുന്നതായി രജിസ്ട്രാര്‍ കെ.എസ്. അനില്‍കുമാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിനിടെ ഹൈക്കോടതി ജഡ്ജിയ്‌ക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട സിന്‍ഡിക്കേറ്റംഗം ആര്‍. രാജേഷിനെ കോടതി വിമര്‍ശിച്ചു.

രജിസ്ട്രാര്‍ പദവിയില്‍ നിന്ന് തന്നെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെയാണ് കെ.എസ്. അനില്‍കുമാര്‍ കോടതിയെ സമീപിച്ചത്. അതേസമയം ഞായറാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി റദ്ദാക്കി. ഇതിനെ തുടര്‍ന്നാണ് താന്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കുന്നതായും താന്‍ ചുമതല തിരികെ ഏറ്റെടുത്തതായും അനില്‍കുമാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കാര്യങ്ങള്‍ വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കുകയായിരുന്നു. ഹര്‍ജി പിന്‍വലിക്കാന്‍ ഹര്‍ജിക്കാരന് ഹൈക്കോടതി അനുമതി നല്‍കുകയും ചെയ്തു. വൈസ് ചാന്‍സലറുടെ താത്കാലിക ചുമതലയുള്ള സിസാ തോമസിനുവേണ്ടി ഹാജരായ സ്വകാര്യ അഭിഭാഷകന്‍ ഈ നീക്കത്തെ എതിര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും കോടതി അത് പരിഗണിച്ചില്ല. എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ പിന്നീട് മറ്റൊരു ഹര്‍ജി നല്‍കാമെന്ന് കോടതി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News