കൊച്ചി: മാലിന്യസംസ്കരണത്തിന്റെ പേരില്‍ ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. ഇപ്പോഴത്തെ സാഹചര്യത്തില്‍ മാറ്റമുണ്ടാകണം. മാലിന്യസംസ്കരണത്തിന് കുട്ടികള്‍ക്ക് പരിശീലനം നല്‍കണമെന്നും കോടതി പറഞ്ഞു. ബ്രഹ്മപുരം തീപിടിത്തത്തിന് പിന്നാലെ കടമ്പ്രയാറിലെ ജലം പരിശോധിക്കണം. ഭൂഗര്‍ഭജലത്തിന്റെ ഗുണനിലവാരവും പരിശോധിക്കണം. കൂടുതല്‍ വായു ഗുണനിലവാര പരിശോധന കേന്ദ്രങ്ങള്‍ ആവശ്യമെന്നും കോടതി പറഞ്ഞു.
ബ്രഹ്മപുരത്ത് ജാഗ്രത തുടരുന്നുവെന്ന് ജില്ലാ കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് കോടതിയെ അറിയിച്ചു. അഗ്നിരക്ഷാ യൂണിറ്റുകള്‍ ഇപ്പോഴും ബ്രഹ്മപുരത്തുണ്ട്. നേരത്തെ പ്രവര്‍ത്തനം നടത്തിയ പകുതി ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടെന്നും കലക്ടര്‍ അറിയിച്ചു. സോണ്ടയുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് കൊച്ചി കോർപറേഷൻ ഹൈക്കോടതിയെ അറിയിച്ചു. ബ്രഹ്മപുരത്ത് മാലിന്യസംസ്കരണത്തിന് പുതിയ ടെൻഡർ വിളിച്ചതായും കോർപറേഷൻ അറിയിച്ചു. വിശദാംശങ്ങൾ അറിയിക്കണമെന്ന് കോടതി നിർദേശിച്ചു.
ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ജില്ലാ കലക്ടറും മലിനീകരണ ബോർഡ് ചിഫ് എൻവയോൺമെന്റൽ എൻജിനീയറും അടക്കമുള്ളവർ ബ്രഹ്മപുരത്ത് ശനിയാഴ്ച സന്ദർശനം നടത്തി റിപ്പോർട്ട് തയാറാക്കിയിരുന്നു. കൊച്ചി നഗരത്തിന്റെ മാത്രമല്ല, സമീപപ്രദേശത്തെ എട്ടു മുനിസിപ്പാലിറ്റികളിൽ നിന്നുള്ള മാലിന്യം കൂടി ബ്രഹ്മപുരത്തേക്ക് എത്തിക്കുന്നുണ്ടെന്നും എന്നാൽ ഈ മാലിന്യം ശേഖരിക്കാനുള്ള സ്ഥലം പോലും ഇവിടെയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശാസ്ത്രീയസംസ്കരണം നടക്കുന്നില്ല. ആകെ ഒരു ഷെഡ് മാത്രമാണ് പ്ലാന്റിലുള്ളത്. അതിനാൽ ഈ മാലിന്യങ്ങളുടെ സംസ്കരണം ശരിയായ രീതിയിലല്ല നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ബയോമൈനിങ്ങിന് വേണ്ട ഉപകരണങ്ങളില്ല. നിലവിൽ ചില ഉപകരണങ്ങൾ ഉപയോഗിച്ചാണ് ബയോമൈനിങ് നടത്തുന്നത്. എന്നാൽ സമയബന്ധിതമായി ബയോമൈനിങ് പൂർത്തിയാക്കാൻ ഈ യന്ത്രങ്ങൾക്ക് സാധിക്കില്ല. പ്ലാന്റിലേക്ക് എത്തിക്കുന്ന ജൈവമാലിന്യങ്ങളുടെ അളവ് കുറയ്ക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.