കൊച്ചി: ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തെത്തുടർന്നു വിഷപ്പുക വ്യാപിച്ച വിഷയത്തിൽ ഹൈക്കോടതിയിൽ കൃത്യമായ മറുപടി നൽകാതെ മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ. കൃത്യമായ മറുപടി ഇല്ലെങ്കിൽ അച്ചടക്ക നടപടിയുണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകി.
തീപിടത്തത്തിനുശേഷമുണ്ടായ മലിനീകരണത്തിൽ എന്തു നടപടിയെടുത്തെന്നു കോടതി ചോദിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് സാഹചര്യത്തിന് അനുസരിച്ച് പ്രവർത്തിച്ചില്ല. ശനിയാഴ്ച പുറത്തിറങ്ങിയപ്പോൾ ശ്വാസം മുട്ടിയെന്നും ജഡ്ജി പറഞ്ഞു.
ബ്രഹ്മപുരം തീപിടിത്തം സ്വാഭാവികമോ മനുഷ്യനിർമിതമോ എന്നും കോടതി ചോദിച്ചു. നഗരത്തിൽ വ്യാപകമായി മാലിന്യം വലിച്ചെറിയുന്നതിൽ എന്ത് നടപടിയെടുത്തെന്നു കോടതി ചോദിച്ചപ്പോൾ സിസിടിവി ക്യാമറകൾ സ്ഥാപിച്ചതായി കോർപറേഷൻ അറിയിച്ചു. ജൂൺ ആറിനകം മാലിന്യസംസ്കരണ സംവിധാനം കാര്യക്ഷമമാക്കണമെന്നു കോടതി നിർദേശിച്ചു.
പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ തലത്തിൽ മാലിന്യസംസ്കരണം നിരീക്ഷിക്കും. ഇതിനായ മൂന്ന് അമിക്കസ് ക്യൂറിയെ നിയോഗിക്കും. മലിനീകരണം നിയന്ത്രണബോർഡ് രേഖകൾ യാഥാർഥ്യത്തിൽനിന്ന് അകലെയെന്നും കോടതി അറിയിച്ചു.
മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ, കലക്ടർ, കോർപറേഷൻ സെക്രട്ടറി എന്നിവർ ഉച്ചയ്ക്കു ഹാജരാകണമെന്നു കോടതി വ്യക്തമാക്കിയിരുന്നു. കലക്ടർ ഹാജരാകാത്തിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ദുരന്തനിവാരണ ചുമതലയുള്ള ഉദ്യോഗസ്ഥയാണ് കലക്ടറുടെ പ്രതിനിധിയായി കോടതിയിൽ എത്തിയത്. കലക്ടർ നാളെ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു.
തദ്ദേശവകുപ്പ് സെക്രട്ടറി നാളെ ഓൺലൈനിൽ ഹാജരാകണം. മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ എല്ലാ സിറ്റിങ്ങിലും ഹാജരാകണമെന്നും കോടതി പറഞ്ഞു. ബ്രഹ്മപുരം തീപിടിത്തം അന്വേഷിക്കാൻ ഉന്നതതലസമിതി രൂപീകരിച്ചെന്നു സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. അഡീഷനൽ ചീഫ് സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ, അഗ്നിരക്ഷാ വിദഗ്ധൻ എന്നിവരാണ് സമിതിയംഗങ്ങൾ.
ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തെത്തുടർന്നു വിഷപ്പുക വ്യാപിച്ച വിഷയത്തിൽ ഹൈക്കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥയാണ് കൊച്ചിയിലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഈ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ ശിക്ഷിക്കപ്പെടണം.
ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരാജയപ്പെട്ടെന്നും കോടതി വിമര്‍ശിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ കലൂര്‍, കടവന്ത്ര, പനമ്പിള്ളി നഗര്‍, വൈറ്റില, മരട് പ്രദേശങ്ങളില്‍ ഇന്നു രാവിലെയും കനത്ത പുക പ്രത്യക്ഷപ്പെട്ടു.
കോടതി ഇടപെടൽ ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനു കത്ത് നൽകിയതിനെ തുടർന്ന് ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീപിടിത്തത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. കേസ് ഇന്നു പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി കടുത്ത വിമർശനം ഉയർത്തിയത്.