ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന് പരോള്‍ അനുവദിച്ചു ഹൈക്കോടതി; പരോള്‍ വ്യവസ്ഥകള്‍ നിശ്ചയിക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം

കൊച്ചി: തൃശൂര്‍ ശോഭാ സിറ്റിയില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന് ഹൈക്കോടതി പരോള്‍ അനുവദിച്ചു. കഴിഞ്ഞ മൂന്നാം തിയതിയാണ് ഹൈക്കോടതി മുഹമ്മദ് നിഷാമിന് പരോള്‍ അനുവദിച്ചത്. സംസ്ഥാന സര്‍ക്കാരിനോട് വ്യവസ്ഥതകള്‍ നിശ്ചയിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ വ്യവസ്ഥ നിശ്ചയിക്കുന്നത് മുതല്‍ 15 ദിവസത്തേക്കാണ് പരോള്‍.

ഇതിന് മുമ്പും നിഷാമിന് കോടതി പരോള്‍ അവവദിച്ചിരുന്നു. പ്രായമായ മാതാവിനെ പരിചരിക്കാന്‍ ഒരാഴ്ച പരോളാണ് നേരത്തെ കോടതി അനുവദിച്ചത്. ഇത് പ്രകാരം നിഷാം കടവന്ത്രയിലെ വീട്ടില്‍ എത്തുകയും ചെയ്്തിരുന്നു. അന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനോ മാധ്യമങ്ങളുമായി സംസാരിക്കാനോ അനുമതി നല്‍കിയിരുന്നില്ല. നിഷാ വീണ്ടും പുറത്തിറങ്ങുമ്പോള്‍ പുതിയ വ്യവസ്ഥകള്‍ എന്തു വേണമെന്ന് സംസ്ഥാന സര്‍ക്കാരിന് നിശ്ചയിക്കാം.

2016 ല്‍ സെക്യൂറിറ്റി ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് കഴിയുകയാണ് നിഷാം. 2015 ജനുവരി 29നു പുലര്‍ച്ചെയാണ് കേരളത്തെ നടുക്കിയ സംഭവം. ഗേറ്റ് തുറക്കാന്‍ വൈകിയതിലും ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐ.ഡി കാര്‍ഡ് ചോദിച്ചതിലും പ്രകോപിതനായാണ് ചന്ദ്രബോസിനെ നിഷാം ആക്രമിച്ചത്. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തില്‍ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു. വീണുകിടന്ന ചന്ദ്രബോസിനെ നിഷാം എഴുന്നേല്‍പ്പിച്ച് വാഹനത്തില്‍ കയറ്റി പാര്‍ക്കിങ് ഏരിയയില്‍ കൊണ്ടുപോയി വീണ്ടും ക്രൂരമായി മര്‍ദിച്ചു.

വാഹനമിടിച്ച് പരിക്കേല്‍പ്പിച്ചതിന് പുറമെ ചന്ദ്രബോസിനെ നിഷാം മാരകമായി ആക്രമിക്കുകയും ജീപ്പിലിട്ട് ചവിട്ടുകയും ചെയ്തു. സെക്യൂരിറ്റി റൂമും ഫര്‍ണിച്ചറുകളും ജനലുകളും അടിച്ചുതകര്‍ത്തു. ആക്രമണം തടയാനെത്തിയ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ അയ്യന്തോള്‍ കല്ലിങ്ങല്‍ വീട്ടില്‍ അനൂപിനും മര്‍ദനമേറ്റു. മറ്റ് സെക്യൂരിറ്റി ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫ്‌ളൈയിങ് സ്‌ക്വാഡ് എത്തിയാണ് ചന്ദ്രബോസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ചികിത്സയിലിരിക്കേ ഫെബ്രുവരി 16ന് ചന്ദ്രബോസ് മരിക്കുകയായിരുന്നു.

ചന്ദ്രബോസ് വധത്തില്‍ വന്‍ജനരോഷമാണ് പിന്നീട് ഉയര്‍ന്നത്. പൊട്ടിയ വാരിയെല്ലുകള്‍ തറഞ്ഞുകയറി ആന്തരാവയങ്ങള്‍ക്ക് സംഭവിച്ച മുറിവുകളും ക്ഷതങ്ങളുമാണ് മരണകാരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. 2016 ജനുവരി 21-ന് ചന്ദ്രബോസ് വധക്കേസില്‍ കൊലപാതകമുള്‍പ്പെടെ 9 കുറ്റങ്ങള്‍ തെളിഞ്ഞുവെന്നും നിസാം കുറ്റക്കാരനാണെന്നും കണ്ടെത്തിയ തൃശ്ശൂര്‍ അഡീഷണല്‍ കോടതി പ്രതിക്ക് ജീവപരന്ത്യവും 24 വര്‍ഷം തടവും 80,30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. നിഷാം 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ ഭാര്യ ജമന്തിക്ക് നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News