കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്നും അന്വേഷണത്തിന് സ്റ്റേയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
കേസില്‍ വിശദമായ വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു. കേസിലെ തെളിവുകള്‍ ദിലീപ് നശിപ്പിച്ചുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം, നടിയെ ആക്രമിച്ച കേസുമായോ വധഗൂഢാലോചന കേസുമായോ ബന്ധപ്പെട്ട ഒരു തെളിവുകളും തന്റെ ഫോണില്‍നിന്ന് നശിപ്പിച്ചിട്ടില്ലെന്ന് ഹര്‍ജിയില്‍ ദിലീപ് വിശദീകരിക്കുന്നു.
ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങള്‍ മാത്രമാണെന്നും കേസുമായി ബന്ധമില്ലാത്ത സന്ദേശങ്ങളാണ് കളഞ്ഞിട്ടുള്ളതെന്നും ദിലീപ് കോടതിയെ അറിയിച്ചു. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മില്‍ വൈരുധ്യങ്ങളും ഉണ്ടെന്നും ലാബില്‍ നിന്ന് പിടിച്ചെടുത്ത മിറര്‍ ഇമേജും ഫോറന്‍സിക് റിപ്പോര്‍ട്ടും തമ്മില്‍ വ്യത്യാസമില്ലെന്നും ദിലീപ് ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.