കൊച്ചിയിലെ ഗതാഗതക്കുരുക്ക്; സിഗ്നല്‍ ഓഫാക്കി പോലീസുകാര്‍ നേരിട്ടിറങ്ങണമെന്ന് ഹൈക്കോടതി

കൊച്ചി : നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സിഗ്‌നല്‍ ലൈറ്റ് ഓഫാക്കി പോലീസുകാര്‍ നേരിട്ടിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി. രാവിലെ 8:30 മുതൽ 10 വരെയും, വൈകിട്ട് 5 മുതൽ 7:30 വരെയും സിഗ്നൽ ഓഫ് ചെയ്യാനാണ് നിർദേശം. പാലാരിവട്ടം വരെയുള്ള ബാനര്‍ജി റോഡ്, മെഡിക്കല്‍ ട്രസ്റ്റ് മുതല്‍ വൈറ്റില വരെയുള്ള സഹോദരന്‍ അയ്യപ്പന്‍ റോഡ് എന്നിവിടങ്ങളിലാണ് തിരക്കേറിയ സമയങ്ങളിൽ സിഗ്‌നല്‍ ഓഫ് ചെയ്ത് പോലീസുകാര്‍ ഗതാഗതം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.

ജസ്റ്റിസ് അമിത് റാവല്‍ ആണ് നിർദേശം നൽകിയിരിക്കുന്നത്. കൊച്ചി നഗരത്തില്‍ രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബാനര്‍ജി റോഡില്‍ പാലാരിവട്ടം മുതല്‍ ഹൈക്കോടതി വരെയും സഹോദരന്‍ അയ്യപ്പന്‍ റോഡില്‍ വൈറ്റില മുതല്‍ പള്ളിമുക്ക് വരെയുമുള്ള ഭാഗത്താണ് ഗതാഗതക്കുരുക്ക് രൂക്ഷം. ഇവിടങ്ങളിൽ ഇനി മുതൽ പോലീസ് നേരിട്ടിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്നാണ് നിർദേശം.

സ്വകാര്യ ബസ്സുകളുടെ സമയക്രമത്തിൽ സംസ്ഥാന സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. 15 ദിവസത്തിനകം യോഗം ചേരണമെന്ന് ഓഗസ്റ്റ് എട്ടിന് ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നിട്ടും തുടർനടപടികൾ ഉണ്ടാകാതിരുന്നത് കോടതിയലക്ഷ്യമാണെന്ന് ഹൈക്കോടതി വിമർശിച്ചു. സെപ്റ്റംബർ പത്തിനകം യോഗം ചേരണമെന്നും ഇല്ലെങ്കിൽ അമിക്കസ് ക്യൂറി ഇക്കാര്യം കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് അമിത് റാവൽ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News