ശബരിമലയിലെ സ്‌പോട്ട് ബുക്കിങ് വെട്ടിക്കുറച്ച് ഹൈക്കോടതി; കാനനപാതയിലും നിയന്ത്രണം

പത്തനംതിട്ട: ശബരിമലയിലെ സ്‌പോട്ട് ബുക്കിങ്ങില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി ഹൈക്കോടതി. ബുക്കിങ് ഇരുപതിനായിരത്തില്‍ നിന്ന് അയ്യായിരമാക്കി കുറച്ചു. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം.

സ്‌പോട്ട് ബുക്കിങ് പരമാവധി അയ്യായിരം മാത്രമേ പാടുള്ളൂവെന്നാണ് ഹൈക്കോടതി നിര്‍ദേശം. നേരത്തേ സ്‌പോട്ട് ബുക്കിങ് 20,000 ആയി ഹൈക്കോടതി നിജപ്പെടുത്തിയിരുന്നെങ്കിലും അതില്‍കൂടുതല്‍ ബുക്കിങ് ഉണ്ടാകാറുണ്ട്. ഇത് നിയന്ത്രിക്കാന്‍ പോലീസോ ദേവസ്വം ബോർഡോ തയ്യാറാത്ത സാഹചര്യവുമുണ്ടായി. കൂടുതല്‍ സ്‌പോട്ട് ബുക്കിങ് വരുന്നത് തിരക്ക് നിയന്ത്രിക്കാനാകാത്ത അവസ്ഥയുണ്ടാക്കുമെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഹൈക്കോടതി നടപടി.

അതേസമയം കാനനപാതയിലും നിയന്ത്രണമുണ്ട്. ഇതുവഴി വരുന്ന അയ്യപ്പഭക്തന്മാരുടെ എണ്ണവും അയ്യായിരമാക്കി ഹൈക്കോടതി ചുരുക്കി. കാനനപാതവഴി ഇത്രയും ഭക്തന്മാരെ മാത്രമേ പ്രവേശിപ്പിക്കേണ്ടതുള്ളൂവെന്നാണ് നിര്‍ദേശം. ഇതിനായി പ്രത്യേക പാസ് വനംവകുപ്പ് നല്‍കണമെന്നും കോടതി വ്യക്തമാക്കി. തിങ്കളാഴ്ചവരെയാണ് ഈ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ വേണ്ടത്ര ഏകോപനം ഉണ്ടാകുന്നില്ലെന്നും ദേവസ്വം ബോർഡ് പറഞ്ഞതൊന്നും നടന്നില്ലെന്നും നേരത്തേ ഹൈക്കോടതി വിമർശിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്ന കാര്യത്തിൽ ദേവസ്വംബോർഡ് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൃത്യമായ ഏകോപനം ശബരിമലയിൽ ഉണ്ടായില്ല. മുന്നൊരുക്കങ്ങൾ ആറുമാസം മുമ്പെങ്കിലും തുടങ്ങേണ്ടതായിരുന്നെന്നും കോടതി പറഞ്ഞു. ശാസ്ത്രീയമായാണ് തിരക്ക് നിയന്ത്രിക്കേണ്ടത്. അത് ശബരിമലയിൽ സംഭവിച്ചിട്ടില്ലെന്നാണ് ഇപ്പോൾ ബോധ്യപ്പെട്ടിട്ടുള്ളത്. പരമാവധി ആളുകളെ ശബരിമല സന്നിധാനത്തേക്ക് കയറ്റിവിട്ടിട്ട് എന്തുകാര്യമെന്നും കോടതി ചോദിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News