കൊച്ചി: ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സംഭവം ഏറെ ദുഖകരമാണെന്ന് പറഞ്ഞ കോടതി, പൊലീസിന്റെ കൈയ്യിൽ തോക്കുണ്ടായിരുന്നില്ലേയെന്നും എന്തിനാണ് പൊലീസിന് തോക്കെന്നും ചോദിച്ചു. ജനങ്ങളുടെ പ്രാഥമിക സുരക്ഷാ ചുമതല പൊലീസിനല്ലേയെന്നും കോടതി ചോദിച്ചു.
ഏറെ ദുഖകരമായ സംഭവമാണ് ഡോക്ടർ വന്ദന ദാസിന്റെ മരണമെന്ന് ഹൈക്കോടതി പറഞ്ഞു. കൊല്ലപ്പെട്ട വന്ദനയുടെ കുടുംബത്തിനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും താങ്ങാനാകാത്ത സംഭവമാണെന്ന് അറിയാം. കൊല്ലപ്പെട്ട വന്ദനയ്ക്ക് ആദരാഞ്ജലികൾ രേഖപ്പെടുത്തുന്നു. രാജ്യത്ത് മുമ്പ് എവിടെയെങ്കിലും ഇത്തരമൊരു സംഭവം ഉണ്ടായാട്ടുണ്ടോ? ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചു പൂട്ടുകയല്ലേ വേണ്ടതെന്നും സംസ്ഥാന സർക്കാരിനോട് കോടതി ചോദിച്ചു.
വെറും 22 വയസ് മാത്രം പ്രായമുള്ള യുവ ഡോക്ടറുടെ കുടുംബത്തിനേറ്റ ദുഖത്തിന്‍റെ ആഘാതം തിരിച്ചറിയണമെന്ന് കോടതി ആവശ്യപ്പെട്ടു. സുരക്ഷാ സംവിധാനം എന്തിനെന്ന് സർക്കാരിനോട് ചോദിച്ച കോടതി, സംഭവങ്ങളെ മുൻകൂട്ടി കാണാൻ സാധിക്കണമെന്നും അങ്ങനെ ഇത്തരം സംഭവങ്ങൾ തടയാൻ പൊലീസിനാകണമെന്നും അദ്ദേഹം പറഞ്ഞു. ഇതേ സംഭവം നാളെ മറ്റ് ആശുപത്രികളിലും നടക്കില്ലേയെന്ന് കോടതി ചോദിച്ചു. ഇത്തരം സംഭവങ്ങൾ ഭാവിയിലും പ്രതീക്ഷിക്കണം. സുരക്ഷ ഏർപെടുത്തണമെന്നത് കോടതിയല്ല പറയേണ്ടത്. അത് സർക്കാർ ചെയ്യേണ്ടതാണെന്നും കോടതി പറഞ്ഞു. വിദ്യാർത്ഥികളും ,രക്ഷകർത്താക്കളും ഭയപ്പാടിലാണെന്ന് ആരോഗ്യ സർവകലാശാലയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ഇത്തരം ആക്രമങ്ങൾ ചെറുക്കാൻ മുൻകൂർ നടപടികൾ സ്വീകരിക്കാനല്ലേ സുരക്ഷാ സംവിധാനങ്ങളെന്ന് ഈ ഘട്ടത്തിൽ കോടതി ചോദിച്ചു. പൊലീസിന്‍റെ കൈയ്യിൽ തോക്കില്ലേ? ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട പ്രാഥമിക ചുമതല പൊലീസിനില്ലേ? പിന്നെ എന്തിനാണ് പൊലീസിന് തോക്ക് കൊടുക്കുന്നത്? ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ വികാരപരമായി മാത്രമേ കോടതിക്ക് കൂടി ഇടപെടാനാകൂ. കാരണം എന്തായാലും സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് കോടതി വിലയിരുത്തി.
ഇതിൽക്കൂടുതൽ എന്ത് സംഭവിക്കാനാണെന്നും കോടതി ചോദിച്ചു. യുവ ഡോക്ടറാണ് കൊല്ലപ്പെട്ടതെന്ന കാര്യം ആരും മറക്കരുത്. ഇക്കാര്യത്തിൽ പൊലീസ് പൂർണമായും പരാജയപ്പെട്ടു. പ്രതികളെ മജിസ്ട്രേറ്റുമാരുടെ വസതിയിൽ ഹാജരാക്കുമ്പോൾ എന്താണ് നടപടികളെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. പ്രതിയ്ക്കു മുന്നിലേക്ക് ഡോക്ടറെ എറിഞ്ഞുകൊടുക്കുന്നത് ശരിയാണോ? പ്രത്യേകിച്ചും 22 വയസുളള യുവ ഡോക്ടറുടെ മുന്നിലേക്കെന്നും കോടതി ചോദിച്ചു.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. സർക്കാർ ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. ആരാണ് ഉത്തരവാദിത്തം പറയേണ്ടത്? സമാനമായ സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടുമെന്ന് പറഞ്ഞ കോടതി, ഇത് തടയാൻ എന്താണ് ചെയ്യാൻ പറ്റുകയെന്ന് പറയാനും പൊലീസിനോട് ആവശ്യപ്പെട്ടു. എല്ലാവരും രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ ഇത് മറക്കും. മരിച്ചയാളുടെ കുടുംബം ജീവിതകാലം മുഴുവൻ വേദന തിന്നും. നാലോ അഞ്ചോ പൊലീസുകാർ നോക്കിനിൽക്കുമ്പോഴാണ് യുവ ഡോക്ടർ കൊല്ലപ്പെട്ടത്. പ്രതിയുടെ പ്രത്യാക്രണങ്ങളെ തടയാൻ പരിശീലനം കിട്ടിയവരല്ലേ പൊലീസുകാരെന്നും കോടതി ചോദിച്ചു. ഈ ഘട്ടത്തിൽ ഡോ വന്ദന ദാസിന്റെ മരണത്തിന് കാരണം പൊലീസിന്‍റെ പരാജയമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ അഭിഭാഷകനും കുറ്റപ്പെടുത്തി.