KeralaNews

മൂന്നാറില്‍ നടന്നത് വൻ അഴിമതി,രവീന്ദ്രന് മാത്രമായി വ്യാജ പട്ടയം ഉണ്ടാക്കാനാകില്ല; സർക്കാരിനെതിരെ ആഞ്ഞടിച്ച്‌ ഹൈക്കോടതി

കൊച്ചി: മൂന്നാറിലെ ഭൂമി കയ്യേറ്റ കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. വ്യാജ പട്ടയ കേസില്‍ രവീന്ദ്രന് എതിരെ എന്ത് നടപടി എടുത്തുവെന്ന് ഹൈക്കോടതി ആരാഞ്ഞു.  മൂന്നാർ ഭൂമി കേസുകൾ പരിഗണിക്കുന്ന ബെഞ്ചിന്‍റേതാണ് വിമർശനം. 42 ഭൂമി കേസുകളിൽ സർക്കാർ കോടതിയിൽ തോറ്റു. എന്നിട്ടും എന്ത് കൊണ്ട് അപ്പീൽ ഫയൽ ചെയ്തില്ലെന്നും കോടതി ചോദിച്ചു.

500 വ്യാജ പട്ടയം ഉണ്ടാക്കിയാൽ 500 കേസുകൾ വേണ്ടേ എന്ന് കോടതി ചോദിച്ചു. വ്യാജപട്ടയ കേസിൽ ഗൂഢാലോചന കുറ്റം മാത്രം ചുമത്തിയത് തൃപ്തികമല്ലെന്നും വൻ അഴിമതിയാണ് നടന്നതെന്നും കോടതി നിരീക്ഷിച്ചു. രവീന്ദ്രന് മാത്രമായി വ്യാജ പട്ടയം ഉണ്ടാക്കാനാകില്ല.പിന്നിൽ വേറെയും ചില ആളുകൾ ഉണ്ടാകും.  കേസിൽ സിബിഐയെ സ്വമേധയാ കക്ഷി ചേർക്കും എന്ന് ഹൈക്കോടതി വ്യക്തമാക്കി.

കേസ് സി ബി ഐക്ക് വിടുമുമ്പ് പ്രതികളെ കേൾക്കണമെന്ന് വാദം എന്തിനെന്നും കോടതി ചോദിച്ചു. കേസ് സിബിഐയ്ക്ക് വിടുന്നതിന് മുമ്പ് അഡ്വക്കേറ്റ് ജനറലിനെയും കേൾക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥരെ ഒഴിവാക്കാനാവില്ല. അവർക്കും കേസിൽ ഉത്തരവാദിത്വമുണ്ട്.

42 കേസുകളിലും കൃത്യമായ അന്വേഷണം ഉണ്ടായില്ല. ഒരു കേസിൽ തഹസിൽദാർ തന്നെ പ്രതികൾക്ക് അനുകൂലമായെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പ്രതികളെ വെറുതെ വിട്ട കേസുകളുടെ എണ്ണവും നിലവിലുള്ള കേസുകളുടെ സ്ഥിതിയും അറിയിക്കാൻ സർക്കാരിന് നിർദ്ദേശം നല്‍കി.  ഹർജി ഹൈക്കോടതി ഉച്ചയ്ക്ക് 1.45 നു വീണ്ടും പരിഗണിക്കും.

കഴിഞ്ഞ ദിസവും മൂന്നാറിലെ ഭൂമി കയ്യേറ്റ കേസിൽ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേസിൽ സർക്കാരിന് അലംഭാവമാണെന്ന് വിമര്‍ശിച്ച ഹൈക്കോടതി, അന്വേഷണം സിബിഐയെ ഏൽപ്പിക്കേണ്ടി വരുമെന്നും പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ച് വിജിലൻസ് അന്വേഷണം ഫലപ്രദമല്ലെന്നും ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടികൾ ഉണ്ടാകുന്നില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. 

ആവർത്തിച്ച് ഉത്തരവിട്ടിട്ടും മൂന്നാറിൽ കൈയ്യേറ്റം ഒഴിപ്പിക്കൽ നിശ്ചലമായതിനാൽ കടുത്ത ഭാഷയിലാണ് കോടതി കഴിഞ്ഞ ദിവസം സർക്കാരിനെ വിമർശിച്ചത്. മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കുന്നതിൽ എന്തെല്ലാം നടപടികൾ സ്വീകരിച്ചോയെന്ന് റിപ്പോർട്ട് നൽകാൻ മോണിറ്ററിങ് കമ്മിറ്റിയോട് ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. വരുന്ന ചൊവ്വാഴ്ചക്കകം റിപ്പോർട്ട് നൽകാനാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിര്‍ദേശിച്ചിരുന്നത്.

മോണിറ്ററിങ് കമ്മിറ്റിക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നുവെന്ന് ഓൺലൈനായി ഹാജരായ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി കോടതിയിൽ വിശദീകരിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് ലഭിച്ചതിനുപിന്നാലെയാണ് വീണ്ടും വിമര്‍ശനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button