മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി; വഖഫ് ഭൂമിയുടെ കാര്യത്തില്‍ ഇടപെടാന്‍ വഖഫ് ബോര്‍ഡിന് തന്നെയാണ് അന്തിമ അധികാരമെന്ന് കോടതി വിധി

കൊച്ചി: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമനം റദ്ദാക്കി ഹൈക്കോടതി. വഖഫ് ഭൂമിയുടെ കാര്യത്തില്‍ ഇടപെടാന്‍ വഖഫ് ബോര്‍ഡിന് തന്നെയാണ് അന്തിമ അധികാരമെന്ന് വ്യക്തമാക്കി കൊണ്ടാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചില്‍ നിന്നുമാണ്. മുനമ്പം വിഷയത്തില്‍ ഇടപെട്ട സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതി വിധി വലിയ തിരിച്ചടിയാണ്.

ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത്. ജുഡീഷ്യല്‍ കമ്മീഷന്‍ നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് വിധി ഉണ്ടായിരിക്കുന്നത്. ജുഡീഷ്യല്‍ കമ്മീഷന് നിയമ സാധുതയുണ്ടെന്ന് സിംഗിള്‍ ബെഞ്ച് കണ്ടെത്തിയാല്‍ മുനമ്പം ഭൂമി വിഷയത്തിലെ വസ്തുതാ അന്വേഷണവുമായി സര്‍ക്കാരിന് മുന്നോട്ട് പോകാാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇതിന് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

കമ്മീഷന്‍ നിയമനം റദ്ദാക്കിയാല്‍ ഭൂമി പ്രശ്നം പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് വിധി തിരിച്ചടിയാണ്. കമ്മീഷന് നിയമ സാധുതയില്ലെന്ന് സിംഗിള്‍ ബെഞ്ച് തീരുമാനമെടുത്താല്‍ ഡിവിഷന്‍ ബെഞ്ചില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാണ് സര്‍ക്കാര്‍ ഒരുങ്ങുക. വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ അന്വേഷണ നടപടികള്‍ ജുഡീഷ്യല്‍ കമ്മീഷന്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.

ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം വഖഫ് ട്രൈബ്യൂണലിന്റെ പരിഗണയിലിരിക്കെ എങ്ങനെ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനാകും എന്നായിരുന്നു ഹര്‍ജിയില്‍ വാദം കേള്‍ക്കവെ ഹൈക്കോടതിയുടെ ചോദ്യം. വഖഫ് ഭൂമിയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാരിന് കഴിയില്ലെന്നും വഖഫ് അല്ലാത്ത ഭൂമിയില്‍ കമ്മീഷനെ നിയോഗിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നും ആയിരുന്നു കഴിഞ്ഞ തവണ ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതിയുടെ നിരീക്ഷണം.

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് ജുഡീഷ്യല്‍ അധികാരമില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ പ്രാഥമിക മറുപടി. രാമചന്ദ്രന്‍ നായര്‍ കമ്മീഷന് ജുഡീഷ്യല്‍ അധികാരമോ അര്‍ദ്ധ ജുഡീഷ്യല്‍ അധികാരമോ കമ്മീഷന് ഇല്ല. വസ്തുതാ അന്വേഷണമാണ് ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ മുനമ്പത്ത് നടത്തുന്നത് എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News