KeralaNewsNews

ഭർത്താവിന്റെ പീഡനങ്ങൾ സഹിക്കേണ്ട കാര്യം ഭാര്യക്കില്ല’: വിവാഹമോചന അവശ്യം തള്ളി ഹൈക്കോടതി

കൊച്ചി: ഭർത്താവിന്റെ പീഡനങ്ങൾ സഹിക്കേണ്ട കാര്യം ഭാര്യയ്ക്കില്ലെന്നു ഹൈക്കോടതി. ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്ന ഭർത്താവിന്റെ സന്തോഷത്തിനു വേണ്ടി ഒരു ഭാര്യയും ശാരീരീകവും മാനസികവുമായ ആരോഗ്യവും സ്വന്തം സുരക്ഷയും ത്യജിക്കുകയോ ചെയ്യേണ്ടതില്ലെന്നും വിവാഹ മോചനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേ ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രനും ജി.ഗിരീഷും ചൂണ്ടിക്കാട്ടി. ഭാര്യയുടെ ക്രൂരതകൾ സഹിക്കാൻ സാധിക്കുന്നില്ലെന്നും അതിനാൽ വിവാഹ മോചനം അനുവദിക്കണമെന്നുമുള്ള ഭർത്താവിന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തു.

1994ലാണ് ഇരുവരും വിവാഹിതരായത്. 1997ൽ ഇരുവർക്കും ആൺകുട്ടിയുണ്ടായി. എന്നാൽ വിവാഹം കഴിഞ്ഞു വൈകാതെ കാരണമില്ലാതെ ഭാര്യ തന്നെ അവഹേളിക്കാന്‍ ആരംഭിച്ചെന്നു ഭർത്താവ് പറയുന്നു. മാതാപിതാക്കളെ വിട്ടു മാറി താമസിക്കാൻ‍ നിർബന്ധിച്ചു. ഭാര്യയെന്ന നിലയിലുള്ള കാര്യങ്ങളൊന്നും ചെയ്യാന്‍ തയാറായില്ല.

വഴക്കും കാര്യങ്ങളും കാരണം പലപ്പോഴും അയൽവാസികൾക്ക് ഇടപെടേണ്ടി വന്നു. ഭക്ഷണമുണ്ടാക്കാനോ വീട്ടുജോലികൾ ചെയ്യാനോ തയാറായില്ല. നിർബന്ധം സഹിക്ക വയ്യാതെ വാടക വീട്ടിലേക്കു മാറിയിട്ടും ഭാര്യയുടെ ഉപദ്രവം തുടർന്നതോടെ താൻ സ്വന്തം വീട്ടിലേക്കു തിരികെ പോയെന്നു ഭർത്താവ് പറയുന്നു.

ഭാര്യ അവരുടെ പിതാവിനും സഹോദരനുമൊപ്പം അവരുടെ വീട്ടിലേക്കു പോയതോടെ 2002ൽ ഭാര്യയുടെ ക്രൂരതകൾക്കെതിരെ ഭർത്താവ് പൊലീസിൽ പരാതി നൽകി. ഭാര്യയും ഇതിനിടെ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ ഗാർഹിക പീഡനം അടക്കമുള്ള കാര്യങ്ങൾ ആരോപിച്ചു പരാതി നൽകി. ഭാര്യ ശ്രദ്ധിക്കാതായതോടെ മകന്റെ കാര്യങ്ങളും താൻ നോക്കി തുടങ്ങിയെന്നും വൈകാതെ വിവാഹമോചനത്തിനു കുടുംബ കോടതിയെ സമീപിച്ചുവെന്നും ഭർത്താവ് പറയുന്നു. 

അതേസമയം, ഭർത്താവിന്റെയും ബന്ധുക്കളുടെയും മാനസികവും ശാരീരികവുമായ ക്രൂരപീഡനങ്ങൾക്ക് ഇരയാണ് താനെന്നാണ് ഭാര്യ പ്രതികരിച്ചത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു നിരന്തരം ഉപദ്രവിച്ചു. മദ്യപാനിയായ ഭർത്താവ് നിരന്തരം ചീത്ത കൂട്ടുകെട്ടിലായിരുന്നു. മദ്യപിച്ചു വന്ന് അയൽക്കാരുമായി വഴക്കുണ്ടാക്കി.

ഭർത്താവിന്റെയും വീട്ടുകാരുടെയും നിർബന്ധത്തിനു വഴങ്ങി ഗർഭഛിദ്രം നടത്തേണ്ടി വന്നു. നിരന്തരം വഴക്കിടുന്ന ഭർത്താവിന്റെ സ്വഭാവം കാരണമാണ് വീടുകൾ മാറേണ്ടി വന്നത്. ശാരീരിക ഉപദ്രവത്തിനു പുറമെ, ഭക്ഷണമോ വെള്ളമോ നൽകാതെ പട്ടിണിക്കിട്ടു. ഉപദ്രവം സഹിക്കവയ്യാതെയാണ് പൊലീസിൽ പരാതിപ്പെട്ടത്. 

ഇതിനുള്ള മറുപടിയായാണു ഭർത്താവും പരാതി നൽകിയത്. മകനെ കാണാൻ ഭർത്താവും വീട്ടുകാരും അനുവദിച്ചില്ല എന്നും ഭാര്യ കുടുംബ കോടതിയിൽ വെളിപ്പെടുത്തിയിരുന്നു. ദൈവം കൂട്ടിയോജിപ്പിച്ചത് വേർപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ വിവാഹ മോചനത്തിന് തയാറല്ലെന്നും ഭാര്യ വ്യക്തമാക്കി. ഭാര്യ പീഡിപ്പിക്കുകയാണെന്ന കാര്യങ്ങൾ തെളിയിക്കാൻ ഭർത്താവിനു സാധിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കുടുംബ കോടതി വിവാഹ മോചന ആവശ്യം തള്ളുകയും ചെയ്തു. 

ഇതിനു പിന്നാലെയാണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഭാര്യയുടെ ക്രൂര സ്വഭാവത്തെ കുറിച്ചു പൊതുവെ പറയുന്നതല്ലാതെ ഇതിനു തെളിവൊന്നും ഹാജരാക്കാൻ ഭർത്താവിനു കഴിഞ്ഞിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ഭാര്യയ്ക്കുനേരെയുള്ള മാനസികവും ശാരീരികവുമായ ക്രൂരതകൾക്കുള്ള തെളിവുകൾ അവരുടെ പിതാവും സഹോദരനും കുടുംബ കോടതി മുമ്പാകെ വെളിപ്പെടുത്തിയിരുന്നു. ഭർത്താവ് ബോധിപ്പിച്ച കാര്യങ്ങളിൽനിന്നു മനസിലാകുന്ന കാര്യം താനും വീട്ടുകാരും ആഗ്രഹിക്കുന്ന രീതിയിൽ ഭാര്യ പെരുമാറുന്നില്ല എന്നാണ്.

എന്നാൽ ഇതിനെ ക്രൂരതയായി വ്യാഖ്യാനിക്കാനോ വിവാഹബന്ധം വേർപെടുത്താനോ ഉള്ള കാരണമായി വ്യാഖ്യാനിക്കാൻ കഴിയില്ല. പല ദമ്പതികളും പല വിധത്തിലാവും വിവാഹ ബന്ധത്തിൽ അത് ഉൾക്കൊണ്ട് ജീവിക്കുന്നതെന്നും കോടതി പറഞ്ഞു. 

പത്താം ക്ലാസു വരെ പഠിച്ച ഭാര്യ വിവാഹത്തിനുശേഷം എട്ടു വര്‍ഷത്തോളം ഭർത്താവിനൊപ്പം ജീവിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ 2002ൽ രാത്രിയിൽ ക്രൂരമായി മർദിച്ചതോടെയാണ് ഭാര്യ പിതാവിന്റെ വീട്ടിലേക്കു പോയതും പൊലീസിൽ പരാതിപ്പെട്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാര്യ സമർപ്പിച്ച കാര്യങ്ങൾ അവിശ്വസിക്കേണ്ട കാര്യമില്ല. ഭാര്യ നൽകിയ ഗാർഹിക പീഡന കേസിൽ ഭർത്താവിനെയും വീട്ടുകാരെയും കുറ്റവിമുക്തരാക്കി എന്നതു നേരാണ്. എന്നാൽ ഭാര്യയെയോ അവരുടെ വീട്ടുകാരെയോ സാക്ഷികളായി വിസ്തരിച്ചിട്ടില്ല. കേസ് തെളിയിക്കാൻ പ്രോസിക്യൂഷനു സാധിക്കാത്തതിനാലാണ് അതു സംഭവിച്ചത്.

ഭാര്യയുടെ പേരിൽ കോടതിയിൽനിന്നു സമൻസുകൾ വന്നപ്പോൾ ആളില്ല എന്ന പേരിൽ തിരിച്ചയച്ചത് ഭർത്താവായിരുന്നു. ഭാര്യ കോടതിയിൽ ഹാജരായി തനിക്കെതിരെ തെളിവു നൽകില്ലെന്നു ഭർത്താവ് ഇതുവഴി ഉറപ്പാക്കിയെന്ന് കോടതി നിരീക്ഷിച്ചു. ഭർത്താവിനെയും ബന്ധുക്കളെയും കുറ്റവിമുക്തരാക്കിയതിനെതിരെ ഭാര്യ അപ്പീൽ നൽകിയിട്ടുണ്ട്. അതുകൊണ്ടു ഭാര്യയുടെ ക്രൂരത എന്ന ഭർത്താവിന്റെ വാദം നിലനിൽക്കുക എളുപ്പമല്ല. എന്നാൽ, ഭർത്താവു ചെയ്ത ക്രൂരതകളുടെ തെളിവുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നതെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.

തനിക്കു നേരിടേണ്ടി വന്ന പീഡനങ്ങൾ ഭാര്യ തെളിവുകള്‍ സഹിതം വ്യക്തമാക്കിയിട്ടുണ്ട്. ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്ന ഭർത്താവിന്റെ സന്തോഷത്തിനു വേണ്ടി ഒരു ഭാര്യയും പീഡനങ്ങൾ സഹിക്കുകയോ ശാരീരീകവും മാനസികവുമായ ആരോഗ്യവും സ്വന്തം സുരക്ഷയും ത്യജിക്കുകയോ ചെയ്യേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button