കൊച്ചി: വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹം കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന് ഹൈക്കോടതി. വിവാഹത്തിന്റെ ദൃശ്യങ്ങളില്‍ വലിയ ആള്‍ക്കൂട്ടം വ്യക്തമാണെന്ന് കണ്ടെത്തിയെന്ന് ഹൈക്കോടതി പറഞ്ഞു. രവി പിള്ളയുടെ മകന്റെ വിവാഹത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ നടപ്പന്തലിന് രൂപമാറ്റം വരുത്തുംവിധം അലങ്കാരങ്ങള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇത് പരിഗണിക്കുന്നതിനിടെയാണ് വിമര്‍ശനം.
നടപ്പന്തലില്‍ ഓഡിറ്റോറിയത്തിന് സമാനമായ മാറ്റങ്ങളാണ് വരുത്തിയതെന്ന് ഹൈക്കോടതി പറഞ്ഞു. വിവാഹ സമയത്ത് നടപ്പന്തലിന്റെ സുരക്ഷാ ചുമതല സ്വകാര്യ ഏജന്‍സിക്ക് കൈമാറിയോ എന്ന് കോടതി ചോദിച്ചു. സംഭവത്തില്‍ തൃശൂര്‍ എസ്പിയേയും ഗുരുവായൂര്‍ സിഐയേയും സെക്ടറല്‍ മജിസ്ട്രേറ്റിനേയും കക്ഷി ചേര്‍ത്തു. കഴിഞ്ഞ ഒരു മാസത്തിനിടെ ഗുരുവായൂരില്‍ നടന്ന വിവാഹങ്ങളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു.
കേസ് അടുത്ത മാസം ഹൈക്കോടതി വീണ്ടും പരിഗണിക്കും. കഴിഞ്ഞ ആഴ്ചയാണ് രവി പിള്ളയുടെ മകന്റെ വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നത്. നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി കേസെടുത്തത്.