കുട്ടനാട്: കുട്ടനാട്ടിലും അപ്പര്‍കുട്ടനാട്ടിലും അതീവ ജാഗ്രതാ നിര്‍ദേശം. താഴ്ന്ന പ്രദേശങ്ങളിലെല്ലാം അതിരൂക്ഷമായ വെള്ളക്കെട്ടാണ്. കിഴക്കന്‍ വെള്ളത്തിന്റെ വരവ് പമ്പ, അച്ചന്‍കോവില്‍ ആറുകളില്‍ ജലനിരപ്പ് ഉയര്‍ത്തി. ഈ ആശങ്ക അപ്പര്‍ കുട്ടനാടന്‍ മേഖലകളിലുണ്ട്. ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയും ശക്തമായ മഴയുണ്ടായിരുന്നു.
കുട്ടനാട്ടിലെ വിവിധയിടങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ടാണ്. കൈനകരി, പള്ളാത്തുരുത്തി, നെടുമുടി, കാവാലം, നിരേറ്റുപുറം, കിടങ്ങറ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ചെങ്ങന്നൂര്‍, മാവേലിക്കര മേഖലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എസി റോഡില്‍ വെള്ളക്കെട്ടുണ്ട്. നിലവില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിട്ടില്ല. പ്രദേശത്തെ വീടുകളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്.
ആലപ്പുഴ ജില്ലയില്‍ 13 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. വീടുകളിലെല്ലാം പ്രാഥമിക കൃത്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. പാചകം പോലും നടക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ ഭക്ഷണം എത്തിച്ചുകൊടുക്കുന്ന 15 ഗ്രുവല്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കുട്ടനാട്ടില്‍ പുഞ്ചകൃഷി തുടങ്ങേണ്ട സമയം പിന്നിട്ട് കഴിഞ്ഞു. കൊയ്ത്ത് യ്ന്ത്രം പാടത്തേക്ക് ഇറക്കാന്‍ സാധിക്കാത്തതിനാല്‍ കൊയ്ത്ത് നടക്കുന്നില്ല. ഈ സാഹചര്യം തുടര്‍ന്നാല്‍ 2018 ലേതിന് സമാനമായ വിളനാശത്തിന്റെ കണക്കിലേക്ക് എത്തുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.