കൊച്ചി: ലക്ഷദ്വീപിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉടന്‍ റദ്ദാക്കിയേക്കുമെന്ന് ഹൈബി ഈഡന്‍ എംപി. ഫേസ് ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞത്. എംപിമാരുടെ സംഘം ലക്ഷദ്വീപിലേക്ക് പോകാനിരിക്കെ കടുത്ത യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് വിശദീകരണം. ഈ സാഹചര്യത്തില്‍ എം പിമാരുടെ യാത്രയും മുടങ്ങിയേക്കുമെന്ന് വിവരം. പുതിയ ഉത്തരവ് പ്രകാരം എഡിഎമ്മിന്റെ അനുമതി ഉള്ളവര്‍ക്ക് മാത്രമാണ് നാളെ മുതല്‍ ദ്വീപിലേക്ക് സന്ദര്‍ശനാനുമതി. നിലവില്‍ സന്ദര്‍ശനത്തിനെത്തിയ ദ്വീപിലുള്ളവര്‍ക്ക് പാസ് നീട്ടണമെങ്കിലും എ.ഡി.എമ്മിന്റെ അനുമതി വേണം.
ലക്ഷദ്വീപിലേക്കുള്ള യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത് സംബന്ധിച്ച കരട് നിയമം തയാറാക്കാന്‍ കമ്മറ്റിയെ നിയമിച്ചിരിക്കുകയാണ്. കപ്പല്‍, വിമാന സര്‍വീസുകളിലാണ് നിയന്ത്രണം. യാത്രാ നിയന്ത്രണം സംബന്ധിച്ച കരട് നിയമം തയാറാക്കാന്‍ ആറംഗ കമ്മറ്റിയെയാണ് നിയമിച്ചിരിക്കുന്നത്. ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച് കമ്മറ്റി തീരുമാനമെടുക്കണം.
അതേസമയം, ലക്ഷദ്വീപിലേക്ക് പ്രവേശന അനുമതി നല്‍കാന്‍ കവരത്തി എഡിഎമ്മിന് മാത്രമേ ഇനി അധികാരമുള്ളു. ദ്വീപിലെത്തുന്നവര്‍ ഓരോ ആഴ്ച കൂടുമ്പോഴും പെര്‍മിറ്റ് പുതുക്കണമെന്നുമാണ് പുതിയ നിര്‍ദേശം.