KeralaNews

പടക്കം പൊട്ടിച്ചിട്ടും ശബ്ദമുണ്ടാക്കിയിട്ടും രക്ഷയില്ല, റബര്‍ തോട്ടത്തില്‍ തുടര്‍ന്ന് കാട്ടാനകള്‍; ഭീതിയില്‍ പ്രദേശവാസികള്‍

തൃശൂര്‍: പാലപ്പിള്ളിയിലെ റബര്‍ തോട്ടത്തില്‍ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടം മുന്നാം ദിവസവും തോട്ടത്തില്‍ തുടരുന്നതിനാല്‍ പ്രദേശവാസികളും തോട്ടം തൊഴിലാളികളും ആശങ്കയില്‍. പാലപ്പിള്ളി പുതുക്കാട് എസ്റ്റേറ്റിലെ 89ാം ഫീല്‍ഡ് റബര്‍തോട്ടത്തിലാണ് കാട്ടാനകള്‍ കൂട്ടമായി തമ്പടിച്ചിരിക്കുന്നത്. മൂന്ന് കൂട്ടങ്ങളിലായി 40ല്‍ ഏറെ ആനകളാണുള്ളത്.

കൂട്ടമായി ആനകള്‍ തോട്ടത്തില്‍ നിലയുറപ്പിച്ചതിനാല്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ ജോലി ചെയ്യാനാകാത്ത അവസ്ഥയിലാണ്. ഇന്നലെ രാവിലെ മുതല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കാട്ടാനക്കൂട്ടത്തെ കാട് കയറ്റാനുള്ള ശ്രമം തുടരുകയാണ്. പാലപ്പിള്ളി റേഞ്ച് ഓഫീസര്‍ കെ.പി. പ്രേം ഷമീറിന്റെ നേതൃത്വത്തിലുള്ള വനപാലകര്‍ സ്ഥലത്തെത്തിയാണ് ആനകള്‍ കാടുകയറ്റാന്‍ ശ്രമിച്ചത്.

ജനവാസ മേഖലയിലേക്ക് ആനകള്‍ എത്തുന്നത് തടയാനായിരുന്നു വനപാലകരുടെ പരിശ്രമം. പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ആനകളെ തുരത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആനകളെ ചിമ്മിനി ഡാമിന്റെ പരിസരത്തുള്ള കാടുകളിലേക്ക് മാറ്റാനാണ് വനം വകുപ്പ ശ്രമിക്കുന്നത്.

ഞായറാഴ്ച രാത്രി ജനവാസ മേഖലയിലെത്തിയ കാട്ടാനക്കൂട്ടം പാലപ്പിള്ളി സെന്ററിലും പരിസര പ്രദേശത്തും നാശം വിതച്ചിരുന്നു. പിന്നീട് റബര്‍ തോട്ടത്തിലേക്ക് കയറിയ ആനകള്‍ അവിടെ തന്നെ തമ്പടിക്കുകയായിരുന്നു. രാവിലെ ജോലിക്കെത്തിയ തൊഴിലാളികള്‍ കഷ്ടിച്ചാണ് ആനകളില്‍ നിന്ന് രക്ഷപ്പെട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button