ഗൂഢാലോചന കേസില്‍ ദിലീപിനെതിരെ ജോലിക്കാരന്‍ ദാസന്റെ മൊഴി

കൊച്ചി: ഗൂഢാലോചന കേസില്‍ ദിലീപിനെതിരെ ജോലിക്കാരന്‍ ദാസന്റെ മൊഴി.
‘ദിലീപിനെതിരെ വാര്‍ത്താ സമ്മേളനം നടത്തുമെന്ന് ബാലചന്ദ്രകുമാര്‍ തന്നെ അറിയിച്ചിരുന്നു. വാര്‍ത്താ സമ്മേളനം നടത്തുമെന്ന് ദിലീപിനോട് പറയാന്‍ ബാലചന്ദ്രകുമാര്‍ ആവശ്യപ്പെട്ടിരിന്നു. ഭയം മൂലമാണ് പറയാതിരുന്നതെന്ന് ദാസന്‍ പറയുന്നു.

ബാലചന്ദ്രകുമാര്‍ തന്റെ ബന്ധപ്പെട്ട വിവരം അറിഞ്ഞപ്പോള്‍ ദിലീപിന്റെ സഹോദരന്‍ അനൂപ് ദിലീപിന്റെ വക്കീലിന്റെ അടുത്ത് കൊണ്ടുപോയെന്നും പോലീസ് ബാലചന്ദ്രകുമാറിനെ കുറിച്ച് എന്ത് ചോദിച്ചാലും ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. ബി രാമന്‍ പിള്ളയും ഫിലിപ്പും ചേര്‍ന്ന് പറഞ്ഞിരുന്നുവെന്നും ദാസന്‍ പോലീസിന് നല്‍കിയ മൊഴി പകര്‍പ്പില്‍ പറയുന്നു.

നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എഫ്.ഐ.ആര്‍ റദ്ധാക്കാനാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ദാസന്റെ വെളിപ്പെടുത്തല്‍.

കോടതി മുഖേന ദിലീപ് കൈമാറിയ ഫോണുകളിലെ തെളിവുകള്‍ പ്രതികള്‍ നേരത്തെ കൂട്ടി നശിപ്പിച്ചുവെന്ന് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ദിലീപ്,സഹോദരന്‍ അനൂപ് ,സഹോദരി ഭര്‍ത്താവ് സൂരജ് എന്നിവരുടെ ആറ് ഫോണുകള്‍ ക്രൈംബ്രാഞ്ച് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതില്‍ 4 ഫോണുകള്‍ ദിലീപ് മുംബൈയിലെ സ്വകാര്യ ലാബിലേക്കയച്ച് ഡേറ്റകള്‍ ഫോര്‍മാറ്റ് ചെയ്തെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുള്ളത്.

ഇക്കാര്യം സാധൂകരിക്കുന്ന ലാബ് ജീവനക്കാരുടെ മൊഴികളും മറ്റ് ശാസ്ത്രീയ പരിശോധനാ ഫലങ്ങളും പ്രോസിക്യൂഷന് കോടതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. വധ ഗൂഢാലോചനക്കേസില്‍ ദിലീപ് തെളിവുകള്‍ നശിപ്പിച്ചെന്ന് ബോധ്യപ്പെട്ടതിനാല്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചേക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News