കൊച്ചി : സംസ്ഥാനത്ത് പിൻസീറ്റിൽ യാത്ര ചെയ്യുന്ന ബൈക്ക് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കി. ആദ്യഘട്ടത്തില്‍ പിഴ ഒഴിവാക്കാനാണ് തീരുമാനം. എന്നാല്‍ പരിശോധന കര്‍ശനമാക്കാനാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ക്കു ലഭിച്ചിരിക്കുന്ന നിര്‍ദേശം.
ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തിന്റെ പിന്നില്‍ യാത്ര ചെയ്താല്‍ ഉടമയില്‍നിന്ന് 500 രൂപ പിഴ ഈടാക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ 1,000 രൂപയാണു പിഴ. ലംഘനം തുടര്‍ന്നാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. പിഴ അടയ്ക്കാത്തവര്‍ക്കു വാഹന്‍ സോഫ്റ്റ്വെയര് ഉപയോഗിച്ചു വിലക്കേര്‍പ്പെടുത്തും. പിഴ അടയ്ക്കാതെ ഇവര്‍ക്കു വാഹന സംബന്ധമായ മറ്റു സേവനങ്ങള്‍ ലഭിക്കില്ല.
കുട്ടികളുൾപ്പടെ ബൈക്കിലെ രണ്ടാം യാത്രക്കാരനും ഹെൽമറ്റ് നിർബന്ധമാക്കിക്കൊണ്ട് രണ്ടാഴ്ച മുൻപാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇത് നിര്‍ബന്ധമാക്കിയതോടെ ഹെൽമറ്റ് പരിശോധന ഇന്നുമുതല്‍ തന്നെ കർശനമാക്കാനാണ് മോട്ടോർ വാഹനവകുപ്പ് തീരുമാനം. വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിലായിരിക്കും പരിശോധന. ആദ്യ ഘട്ടത്തിൽ ബോധവത്ക്കരണമായിരിക്കും ലക്ഷ്യം. പിഴ ഒഴിവാക്കി ഹെൽമറ്റ് വാങ്ങാൻ സാവകാശം നൽകുമെന്നാണ് വ്യക്തമാകുന്നത്.