ഏറ്റുമാനൂർ: വലിയ ശബ്ദം കേട്ടാണ് വള്ളിക്കാട് പ്രദേശവാസികൾ പുറത്തിറങ്ങി നോക്കിയത്, എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം മനസിലായില്ല. പിന്നെയാണ് വലിയ ശബ്ദത്തോടെ ഹെലികോപ്റ്റർ വീടിനു മുകളിൽ നിൽക്കുന്നത് കണ്ടത്. ശക്തമായ കാറ്റിൽ പൊടിപടലങ്ങൾ ഉണ്ടാകുകയും കല്ലുകളും സാധനങ്ങളും തെറിച്ചുപോയി. ഹെലികോപ്റ്റർ താഴ്ന്നു പറന്നതിനെ തുടർന്ന് വാഹന വർക്ക് ഷോപ്പിനുൾപ്പെടെ നാശനഷ്ടം.
വള്ളിക്കാട് കുരിശുമല ഭാഗത്ത് ഇന്നു രാവിലെയായിരുന്നു സംഭവം. മിനുറ്റുകളോളം ഹെലികോപ്റ്റർ താഴ്ന്നു പറന്നതിനെ തുടർന്ന് കട്ടിപ്പറമ്പിൽ എം.ഡി.കുഞ്ഞുമോൻ (51) ന്റെ വീടിനോടു ചേർന്നുള്ള വാഹന പെയിന്റിംഗ് വർക്ക് ഷോപ്പിനാണു നാശം സംഭവിച്ചത്. വിലകൂടിയ ടാർപോളിൻ ഉപയോഗിച്ച് നിർമ്മിച്ചിരുന്ന മേൽക്കൂര പറന്നു പോകുകയും കീറി നശിക്കുകയും ചെയ്തു. വീടിന്റെ അടുക്കള ഭാഗത്തെ ആസ്ബസ്റ്റോസ് ഷീറ്റുകളും തകർന്നു.
സംഭവസമയത്തു വർക്ക് ഷോപ്പിൽ ഉണ്ടായിരുന്നവർ പുറത്തേയ്ക്ക് ഇറങ്ങിയോടി. വീടിനുള്ളിൽ ഉണ്ടായിരുന്ന രോഗിയായ കുഞ്ഞുമോന് ഓടാൻ സാധിച്ചില്ല.
കാൻസർ രോഗിയായ കുഞ്ഞുമോൻ കീമോ ചികിത്സയിൽ കഴിയുന്നയാളാണ്. 25,000 രൂപയോളം നഷ്ടമുണ്ടായതായി പറയുന്നു. കുഞ്ഞുമോന്റെ ചികിത്സ നടക്കുന്നത് സുമനസുകളുടെ കാരുണ്യത്താലാണ്. കുടുംബം പോറ്റുന്നതു വർക്ക് ഷോപ്പിൽ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ്. സംഭവത്തെ തുടർന്ന് കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലും ഏറ്റുമാനൂർ സ്റ്റേഷനിലും അറിയിക്കുകയും പഞ്ചായത്ത് അംഗം വില്ലേജ് ഓഫീസിലും വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. നേവിയുടെ ഹെലികോപ്റ്ററാണെന്നാണ് സംശയിക്കുന്നത്.