അബുദാബി:കൊച്ചിയിൽ ഇടിച്ചിറക്കിയതിനേത്തുടർന്ന് അപകടത്തിൽപ്പെട്ട ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയെ
അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയതായി ലുലു ഗ്രൂപ്പ് വാർത്താകുറിപ്പിൽ അറിയിച്ചു.
ജർമ്മനിയിൽ നിന്നുള്ള പ്രശസ്ത ന്യൂറോ സർജൻ പ്രൊഫസർ ഡോക്ടർ ഷവാർബിയുടെ നേതൃത്വത്തിലുള്ള 25 ഡോക്ടർമാരടങ്ങിയ വിദഗ്ധ മെഡിക്കൽ സംഘം എം.എ. യൂസഫലിയെ അബുദാബി ബുർജിൽ ആശുപത്രിയിൽ നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ശസ്ത്രക്രിയക്കുശേഷം അദ്ദേഹം സുഖംപ്രാപിച്ചു വരുന്നതായി ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ അറിയിച്ചു.
യൂസഫലിയുടെ മരുമകനും അബുദാബി ബുർജിൽ ആശുപത്രി ഉടമയുമായ ഡോക്ടർ ഷംസീർ വയലിലാണ് ഹെലികോപ്ടർ അപകടത്തെ തുടർന്ന് യൂസഫലിയെയും കുടുംബത്തെയും അബുദാബി രാജകുടുംബം അയച്ച പ്രത്യേക വിമാനം വഴി അബുദാബിയിലേക്ക് എത്തിച്ച് തുടർചികിത്സ ഏകോപിപ്പിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖർ ഉൾപ്പെടെയുള്ളവർ നേരിട്ട് വിളിക്കുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ പ്രാർത്ഥനകൾക്കും ഹൃദയത്തിന്റെ ഭാഷയിലുള്ള നന്ദി എം. എ. യൂസഫലിയും കുടുംബവും അറിയിക്കുന്നതായും നന്ദകുമാർ കൂട്ടിച്ചേർത്തു.