കോട്ടയം: കോട്ടയം അഡീഷണൽ സെഷൻസ് കോടതിക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തി. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗക്കേസില്‍ വിധി പറയുന്ന പശ്ചാത്തലത്തിലാണ് കോടതി പരിസരത്ത് കനത്ത സുരക്ഷ ഒരുക്കാൻ നിർദേശിച്ചത്. തിരിച്ചറിയൽ കാർഡ് ഇല്ലാത്തവരെ കോടതി പരിസരത്ത് കയറാൻ അനുവദിക്കില്ല. കലക്ട്രേറ്റിൽ ജോലിക്ക് എത്തുന്നവർക്കും തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. സുരക്ഷയ്ക്ക് വേണ്ടി നൂറോളം പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിക്കും.
ഇന്നു രാവിലെ 11 മണിയോടെയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി കേസില്‍ വിധിപറയുക. 105 ദിവസത്തെ വിചാരണയിൽ 39 സാക്ഷികളെ വിസ്തരിച്ചു. 83 സാക്ഷികൾ ഉണ്ടായിരുന്നുവെങ്കിലും കൂറുമാറാനുള്ള സാധ്യത കണക്കിലെടുത്താണ് പ്രോസിക്യൂഷൻ പലരേയും വിസ്തരിച്ചില്ല. 122 പ്രമാണങ്ങൾ കോടതി പരിശോധിച്ചു. കഴിഞ്ഞ മാസം 29ന് വിചാരണ അവസാനിപ്പിച്ച കോടതി. 10ാം തിയതി കൊണ്ട് അവസാന വാദവും പൂർത്തിയാക്കി.
2018 സെപ്റ്റംബർ 21നാണ് ഫ്രാങ്കോ അറസ്റ്റിലായത്.കന്യാസ്ത്രീകളെ സ്വാധീനിക്കാനും അപായപ്പെടുത്താനുമടക്കം ഇതിനിടെ നീക്കങ്ങളുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥനെതിരെയും ഭീഷണി വന്നു. എന്നാൽ ഇതെല്ലാം മറികടന്ന് 2019 ഏപ്രിൽ മാസത്തിൽ കുറ്റപത്രം സമർപ്പിച്ചു. വിചാരണ കൂടാതെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യം സുപ്രിം കോടതി വരെ തള്ളിയതോടെയാണ് വിചാരണ ആരംഭിച്ചത്. വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുഭാഷായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.