തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ കാറ്റും മഴയും. മഴയെ തുടർന്ന് പലസ്ഥലങ്ങളിലും വെള്ളക്കെട്ടും ഗതാഗത തടസവും ഉണ്ടായി. വിവിധ മേഖലകളിൽ മരങ്ങൾ കടപുഴകി വീണു. പലയിടത്തും വൈദ്യുതി തടസം ഉണ്ടായി.
മദ്ധ്യകേരളത്തിലും ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. പാലക്കാട് കാറ്റിനും മഴയ്ക്കുമൊപ്പം ആലിപ്പഴവീഴ്ച്ചയും ഉണ്ടായി. മലപ്പുറത്തും ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടു. കൊച്ചിയിലും ഇടിയും മഴയും ഉണ്ടായിരുന്നു.
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിൽ നാളെ യെല്ലോ അലർട്ടാണ്. ഇടുക്കി, വയനാട് ജില്ലകളിൽ 14 ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.