മഹാരാഷ്ട്രയിൽ പേമാരി: മുംബൈ പ്രളയഭീതിയിൽ, വിമാനങ്ങൾ വൈകുന്നു; മഴ കനക്കുമെന്ന് മുന്നറിയിപ്പ്

മുംബൈ: തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ വലഞ്ഞ് മുംബൈ അടക്കം മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങൾ. ചൊവ്വാഴ്ച വൈകിയും മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. 24 മണിക്കൂറിനിടെ മുംബൈയിൽ ലഭിച്ചത് 300 മില്ലിമീറ്റര്‍ മഴയാണ്. ദുരിതബാധിത പ്രദേശങ്ങളില്‍ എസ്ഡിആര്‍എഫിനെയും എന്‍ഡിആര്‍എഫിനെയും വിന്യസിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു.

കനത്ത മഴ റോഡ്, റെയില്‍ ഗതാഗതങ്ങള്‍ക്കൊപ്പം വിമാന സര്‍വീസുകളെയും ബാധിച്ചു. എട്ടുവിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. പല വിമാനങ്ങളും വൈകിയാണ് സര്‍വീസ് നടത്തുന്നത്. സൂറത്ത്, അഹമ്മദാബാദ്, ഹൈദരാബാദ് എന്നീവിടങ്ങളിലേക്കാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടത്.

മുംബൈയിലേക്കുള്ള ലോക്കല്‍, ദീര്‍ഘദൂര ട്രെയിനുകള്‍ താനെ സ്റ്റേഷനില്‍ സര്‍വീസ് അവസാനിപ്പിച്ചു. പൊതുജനങ്ങളോട് അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മുംബൈ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യസ്ഥാപനങ്ങളോട് വര്‍ക്ക് ഫ്രം ഹോം സംവിധാനം തുടരാന്‍ നിര്‍ദേശമുണ്ട്.

മിഠി നദി കരകവിഞ്ഞതിനാല്‍ കുര്‍ള പ്രദേശത്തുള്ള 350 ഓളം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് ചൊവ്വാഴ്ചയും സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധിയായിരുന്നു. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ഓഫീസുകളും അടഞ്ഞുതന്നെ കിടന്നു.

ബോംബെ ഹൈക്കോടതി ഉച്ചയ്ക്ക് 12.30 വരെ മാത്രമേ പ്രവര്‍ത്തിച്ചുള്ളൂ. ബോറിവാലി, സിയോണ്‍, ദാദര്‍, അന്ധേരി, ചെമ്പുര്‍ എന്നീ പ്രദേശങ്ങളില്‍ തിങ്കളാഴ്ച രാത്രി പെയ്ത മഴ ചൊവ്വാഴ്ച രാവിലെവരെ നീണ്ടു. ഇതോടെ ഗാന്ധിമാര്‍ക്കറ്റ് അടക്കമുളള താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സ്ഥിതിഗതികള്‍ വിലയിരുത്തിവരികയാണ്.

മുംബൈയില്‍ വരുംമണിക്കൂറുകളില്‍ മഴ കനക്കുമെന്നാണ് വിവരം. കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുംബൈ, താനെ, റായ്ഗഢ്, രത്‌നഗിരി, പല്‍ഘാര്‍ എന്നീവിടങ്ങളില്‍ ബുധനാഴ്ച വരെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റായ്ഗഢ് ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 75-കാരിയായ വിധ മോട്ടിറാം ഗായ്കര്‍ എന്ന സ്ത്രീ മരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News