വടക്കന്‍ ജില്ലകളില്‍ ഇന്ന് അതിതീവ്ര മഴ; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്: തെക്കന്‍ ജില്ലകളില്‍ കടലാക്രമണത്തിന് സാധ്യത

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ അഞ്ച് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. അടുത്ത 24 മണിക്കൂറില്‍ 204.4 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

കാസര്‍കോട്,കണ്ണൂര്‍, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കും. വടകര താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടായിരിക്കും. അതേസമയം തെക്കന്‍ കേരളത്തില്‍ ശക്തമായ കടലാക്രമണത്തിനും സാധ്യതയുണ്ട്.

തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ വരെ) കണ്ണൂര്‍-കാസര്‍കോട് (കുഞ്ചത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളില്‍ നാളെ വൈകിട്ട് 5.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് (നീരോടി മുതല്‍ ആരോക്യപുരം വരെ) നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് 3.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News