കാലവര്‍ഷം ശക്തി പ്രാപിച്ചു ; അഞ്ച് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്;  28 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ഞായറാഴ്ച സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ടുള്ളത്.

കേരളത്തില്‍ അടുത്ത നാല് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മെയ് 24 മുതല്‍ 26 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട അതി തീവ്രമായ മഴയ്ക്കും മെയ് 24 മുതല്‍ 28 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുള്ളത്.

ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം കേരളത്തിലെ എറണാകുളം, തൃശൂര്‍ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ തീവ്രമായ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News