തിരുവന്തപുരം: തെക്കൻ തമിഴ്നാട് തീരത്തിനു സമീപം പുതിയൊരു ചക്രവാതചുഴി രൂപപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടും മഴ കനക്കാൻ (Heavy rain) വഴിയൊരുങ്ങി. അടുത്ത 2-3 ദിവസങ്ങളിൽ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (IMD) അറിയിച്ചു. ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ ഒക്ടോബർ 20 മുതൽ 24 വരെ കേരളത്തിൽ വ്യാപകമായി ഇടി മിന്നലൊട് കൂടിയ മഴയുണ്ടാകുമെന്നാണ് പ്രവചനം. നാളെ സംസ്ഥാന വ്യാപകമായി ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. തുലാവർഷ മഴയ്ക്ക് വഴിയൊരുക്കുന്ന കിഴക്കൻ കാറ്റിനോട് അനുബന്ധിച്ചാണ് ചക്രവാതച്ചുഴി രൂപപ്പെട്ടത്. സംസ്ഥാനത്ത് തുലാവർഷം ചൊവ്വാഴ്ചയോടെ തുടങ്ങാൻ സാധ്യതയുണ്ടെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ അറിയിപ്പ്.
രാവിലെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നെങ്കിലും കേരളത്തിൽ ഇന്ന് മഴ മാറി നിന്ന ദിവസമാണ്. ഇന്നലെ നൽകിയ ഓറഞ്ച് അലർട്ടുകൾ ഇന്ന് പിൻവലിച്ചു. എന്നാൽ വൈകിട്ടോടെ കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ശക്തമായ മഴ തുടങ്ങി. മലയോരജില്ലകളിലാണ് ശക്തമായ മഴ പെയ്യുന്നത്.
ശക്തമായ മഴയിൽ കോഴിക്കോട്ട് സ്കൂൾ മതിൽ പൊളിഞ്ഞു വീണു. കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് സ്വദേശി എം. സി അലി ഫാസിലിനയുടെ വീടിന്റെ മുകളിലേക്കാണ് ആനയാംകുന്ന് ജി എൽ പി സ്കൂളിന്റെ ചുറ്റു മതിൽ ഇടിഞ്ഞു വീണത്. അപകടത്തിൽ ആർക്കും പരിക്കില്ല. പാലക്കാട് നെല്ലിയാമ്പതിയിലും അട്ടപ്പാടിയിലും വൈകിട്ടോടെ മഴ ശക്തിപ്രാപിച്ചു തുടങ്ങി.
കഴിഞ്ഞ ദിവസം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മാറ്റിപ്പാർപ്പിക്കേണ്ട ആളുകളെയും മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളെയും ദുരന്ത നിവാരണ അതോറിറ്റിയുടെ മേൽനോട്ടത്തിൽ കണ്ടെത്തി കരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പാലക്കാട് മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തിന് സമീപമുളളഅകമലവാരത്തെ ആളുകളെ മാറ്റിപ്പാർപ്പിച്ചു.
വയനാട് മേപ്പാടി, പുത്തുമല,മുണ്ടക്കൈ, പൊഴുതന മേഖലകളിലാണ് ജാഗ്രത തുടരുന്നത്. ഇവിടത്തെ ആളുകളെ ആവശ്യമെങ്കിൽ പൂർണമായി മാറ്റിപ്പാർപ്പിക്കാനുളള സജ്ജീകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. വിനോദസഞ്ചാര മേഖലകളിലേക്ക് യാത്രാവിലക്കുണ്ട്. കണ്ണൂരിൽ നിന്നുളള 25അംഗം കേന്ദ്രസംഘം വയനാട്ടിൽ തുടരുന്നു. മുൻവർഷങ്ങളിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങൾ, ഇക്കുറി സാധ്യതയുളള മേഖലകൾ എന്നിവിടങ്ങളിലെ ആളുകളെ പൂർണമായി മാറ്റിപ്പാർപ്പിക്കാൻ തയ്യാറെന്ന് ജില്ല ഭരണകൂടം അറിയിച്ചു. തീരദേശ മേഖലകളിലും ക്യാംപുകൾ സജ്ജമാക്കിയിട്ടുണ്ട്.
കേരളത്തിൽ അതിതീവ്രമഴ സാധ്യത പ്രഖ്യാപിക്കുകയും മലയോര മേഖലകളിൽ മഴ പെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ നിലവിൽ തൃശൂർ ജില്ലയിലെ ക്യാമ്പുകളിൽ താമസിക്കുന്നവർ അവിടം വിട്ട് പോകരുതെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ അഭ്യർത്ഥിച്ചു. മഴ ഒരു ദിവസം മാറി നിന്ന സാഹചര്യത്തിൽ ചില ക്യാമ്പുകളിൽ നിന്ന് താമസക്കാർ തിരികെ വീടുകളിലേക്ക് പോകാനുള്ള പ്രവണതയെ തുടർന്നാണ് കലക്ടറുടെ അഭ്യർത്ഥന.
കലക്ടറുടെ നേതൃത്വത്തിൽ വിവിധ ക്യാമ്പുകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തൃപ്തികരമായ രീതിയിലാണ് ജില്ലയിലെ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശത്തെ ആളുകൾ സുരക്ഷയെ മാനിച്ച് ക്യാമ്പുകളിലേക്ക് താമസം മാറാൻ തയ്യാറാകണം. അപകടഭീഷണി നിലനിൽക്കുന്ന തലപ്പിള്ളി താലൂക്കിൽ ഇങ്ങനെ വരുന്നവരെ സ്വീകരിക്കാൻ അഞ്ച് ക്യാമ്പുകൾ കൂടി സജ്ജമാക്കിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.