അതിതീവ്രമഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറാഴ്ച അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. അഞ്ചിടത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ബാക്കി ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും. റെഡ് അലർട്ടുള്ള ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 204.4 മില്ലീമീറ്ററിൽ കൂടുതൽ അതിതീവ്ര‌മഴ ലഭിച്ചേക്കും.

തിങ്കളാഴ്ചവരെ സംസ്ഥാനത്ത് 50 മുതൽ 60 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാനും സാധ്യതയുണ്ട്. കേരളതീരത്ത് ഞായറാഴ്ച രാത്രി 8.30 വരെ ഉയർന്ന തിരമാലയ്ക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠനഗവേഷണകേന്ദ്രവും അറിയിച്ചു.

കൊല്ലം ജില്ലയിലെ പള്ളിക്കൽ നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. സംസ്ഥാന ജലസേചന വകുപ്പിൻറെ ആനയാടി സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ പള്ളിക്കൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്.

യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും അറിയിപ്പുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News