തിരുവനന്തപുരം: കാലവര്‍ഷത്തിന് മുന്നോടിയായി കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ ജാഗ്രതയാണ് കാലാവസ്ഥാ വകുപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത അഞ്ചുദിവസം ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുള്ളത്. ഇതോടൊപ്പം അറബിക്കടലില്‍ ന്യൂനമര്‍ദത്തിനുള്ള സാധ്യതയും കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടുന്നുണ്ട്.
വടക്കന്‍ ജില്ലകളില്‍ അടുത്ത അഞ്ചുദിവസത്തേക്ക് കനത്ത മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് മുന്നോട്ടുവയ്ക്കുന്നത്. മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണെങ്കില്‍കൂടിയും മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ട മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് ആണ് നല്‍കിയിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയായിരിക്കും ഈ ജില്ലകളലില്‍ ഉണ്ടാവുക.
ഓറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുള്ള ജില്ലകളിലെല്ലാം ചുവപ്പ് ജാഗ്രതയ്ക്ക് സമാനമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നല്‍കിയിട്ടുണ്ട്. 27-ാം തീയതിയോ, അതിന് നാലുദിവസം മുമ്പോ, നാലുദിവസത്തിന് ശേഷമോ കാലവര്‍ഷം എത്താനുള്ള സാധ്യതയാണ് കാലാവസ്ഥാവകുപ്പ് മുന്നോട്ടുവയ്ക്കുന്നത്.
മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറബിക്കടലില്‍ ഒരു ന്യൂനമര്‍ദ സാധ്യതയും കാലാവസ്ഥാ വകുപ്പ് ചൂണ്ടിക്കാണിക്കുന്നുണ്ട്. 21-ാം തീയതി ബുധനാഴ്ച അറബിക്കടലില്‍ ഒരു ചക്രവാതച്ചുഴി രൂപപ്പെടും.
അത് കൂടുതല്‍ ശക്തി പ്രാപിച്ച് ന്യൂനമര്‍ദമായി മാറും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഈ ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലമായിരിക്കും കേരളത്തില്‍ മഴ ശക്തിപ്രാപിക്കുക. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്നും മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്കാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

